എച്ച്‌ഐവി ബാധിതനായ യുവാവിന് കോവിഡ് ഭേദമായി.. ചികിത്സാചരിത്രത്തില്‍ അദ്ഭുതമെന്ന് ഡോക്ടര്‍

ഗുജറാത്ത്: എച്ച്‌ഐവി ബാധിതനായ യുവാവിന് കൊറോണ ഭേദമായി. രാജ്യത്തിന്റെ കോവിഡ് ചികിത്സാചരിത്രത്തില്‍ ഒരദ്ഭുതമായിരിക്കുകയാണ് ഈ നേട്ടം എന്ന് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു. ഗുജറാത്തിലെ വിരാംഗം താലൂക്കിലാണ് ഇയാളുടെ വീട്. തിരികെയെത്തിയ യുവാവിനെ മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. കൊറോണ ബാധിക്കുമ്പോള്‍ ശരീരത്തിലെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവായിരുന്നു. കടുത്ത വിളര്‍ച്ച ബാധിച്ചിരുന്ന അവസ്ഥയിലായിരുന്നു ഇയാള്‍. ഏപ്രില്‍ 15 നാണ് അഹമ്മദാബാദ് അസര്‍വയിലെ സിവില്‍ ആശുപത്രിയില്‍ അഡ്മിറ്റായത്. മെയ് നാലിന് കോവിഡ് ഭേദമായി ഇയാള്‍ ആശുപത്രി വിട്ടു.

ഇരുപത് ദിവസത്തെ ചികിത്സയ്ക്കിടെ മൂന്ന് തവണ ഇയാളില്‍ രക്തം മാറ്റിവെക്കല്‍ നടത്തി. കോവിഡ് ബാധിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ ആന്റി റിട്രോവൈറല്‍ തെറാപ്പിയ്ക്ക് വിധേയനായിരുന്നു. എച്ച്‌ഐവി വൈറസിനെ പ്രതിരോധിക്കാനായി മൂന്ന് തരത്തിലുള്ള പ്രതിരോധമരുന്നുകള്‍ സംയോജിപ്പിച്ച് നല്‍കുന്ന ചികിത്സയാണ് ആന്റി റിട്രോവൈറല്‍.

രാജ്യത്തിന്റെ കോവിഡ് ചികിത്സാചരിത്രത്തില്‍ ഒരദ്ഭുതമായി അവശേഷിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഭാവിയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി യുവാവിന്റെ ചികിത്സയുടെ വിശദമായ റിപ്പോര്‍ട്ട് മെഡിക്കല്‍സംഘം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. കോവിഡിനെ കുറിച്ചും ഒപ്പം എച്ച്‌ഐവിയെ കുറിച്ചുമുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇത് സഹായകമാവും എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

pathram:
Related Post
Leave a Comment