അധ്യപകര്‍ക്ക് ജോലി റേഷന്‍ കടയില്‍ ഉത്തരവ് വന്നു

കൊച്ചി: സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകരെ റേഷന്‍ കടയില്‍ ജോലിക്ക് നിയോഗിച്ച് കണ്ണൂരില്‍ കലക്ടറുടെ ഉത്തരവ്. കോവിഡ് 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകള്‍ നഗരസഭകള്‍ക്കും വിദ്യാഭ്യാസ ഉപഡയറക്ടര്‍, പഞ്ചായത്ത് ഉപഡയറക്ടര്‍ തുടങ്ങിയവര്‍ക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ റേഷന്‍ കടകളില്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതല്‍ തന്നെ നടപ്പാക്കാനാണ് നിര്‍ദേശം.

ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ സര്‍ക്കാര്‍ സൗജന്യ റേഷന്‍ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ സാധനങ്ങള്‍ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളില്‍ അധ്യാപകരുടെ സാന്നിധ്യത്തില്‍ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.

ഓരോ റേഷന്‍ കടകളും നിലനില്‍ക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കുള്ള നിര്‍ദേശം. കിറ്റുകള്‍ വാര്‍ഡ് മെമ്പര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോള്‍ കാര്‍ഡ് ഉടമകളില്‍ നിന്ന് ഇവര്‍ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസര്‍ക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതലയെന്നും ഉത്തരവില്‍ പറയുന്നു.

അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയിരുന്നു. ചെക്‌പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്‌പോസ്റ്റുകളില്‍ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.

അതേസമയം അധ്യാപകര്‍ കോവിഡ് – 19 പ്രതിരോധ ഡ്യൂട്ടിയില്‍ പ്രവേശിച്ച് മുന്‍നിശ്ചയിച്ച കാലാവധി കഴിയുമ്പോള്‍ നിശ്ചിത ദിവസങ്ങള്‍ ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്. ഇതിനിടെ പരീക്ഷ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അധ്യാപകരുടെ സേവനം അവിടെ ലഭിക്കാതെ വരും. കൂടുതല്‍ അധ്യാപകരെ ഇത്തരത്തില്‍ ജോലിയില്‍ നിയോഗിച്ചാല്‍ പരീക്ഷ വീണ്ടും നീട്ടി വയ്‌ക്കേണ്ട സാഹചര്യമുണ്ടായേക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. കോവിഡ് പ്രതിരോധ ജോലികളില്‍ പങ്കാളികളാകുന്നതിന് തടസമില്ലെന്നും വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ നല്‍കി അധ്യാപകരെ നിയോഗിക്കണമെന്നും അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു

pathram:
Related Post
Leave a Comment