ജോയ് അറയ്ക്കലിന്റെ മരണം: കമ്പനി പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യം

പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ സംഭവ വികാസങ്ങൾ. മരണവുമായി ബന്ധപ്പെട്ട് കമ്പനിയിലെ പ്രോജക്ട ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകനും ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഹമ്രിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളത്. വരും ദിവസങ്ങളിൽ ഇതിന്റെ അന്വേഷണവും നടക്കും. കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കും. തുടർന്നാവും നടപടികൾ സ്വീകരിക്കുക.

ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹമ്രിയ ഫ്രീസോണിൽ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയിൽത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ഇതാണെന്നും അറിയുന്നു. ബ്ലൂ റെവലൂഷൻ എന്നറിയപ്പെടുന്ന രീതിയിൽ പെട്രോളിയത്തിന്റെ ഉപഉൽപ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊർജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നൽകുന്ന ആധുനിക സാങ്കേതിക വിദ്യയാണിത്. ഇതിലെ ജലം കൊണ്ട് മീൻ വളർത്തൽ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.

220 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതി ആറു വർഷം മുമ്പാണ് ആരംഭിച്ചത്. ഇതിന്റെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിർഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി പൂർത്തിയായാൽ കമ്പനി മാത്രമല്ല ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പൻ കമ്പനികളിൽ ചിലതും ഇതുപോലെ പദ്ധതികൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂർത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത. ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ഏറെ പ്രയാസമുണ്ടായിരുന്നു.

ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും ഇതിനുള്ള യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഇതിന്റെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടന്നില്ല. ഇതു ജോയിയെ വല്ലാതെ വിഷമിപ്പിച്ചു. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് അഭിമാനിയായ ജോയിയെ ഏറെ തളർത്തി. സാമ്പത്തികം ഒരു പ്രശ്നമല്ലായിരുന്നെന്നും കമ്പനി ഡയറക്ടർമാർ ജോയിയ്ക്ക് പൂർണപിന്തുണ നൽകിയിരുന്നെന്നും അറിയുന്നു.

പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടർ ബോർഡ്. പക്ഷേ തന്റെ സ്വപ്നപദ്ധതി വൈകുന്നതിന് തന്നെ കുറ്റപ്പെടുത്തി പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് ജോയിയിക്ക് സഹിക്കാനായില്ല. ഉദ്യോഗസ്ഥരോടോ ജീവനക്കാരോടോ ഒരിക്കൽപ്പോലും കയർത്തു സംസാരിക്കാത്ത ആളായിരുന്നു ജോയി. അതുകൊണ്ടു തന്നെ എല്ലാം ഉള്ളിലൊതുക്കി സ്വയം ജീവിതം അവസാനിപ്പി ച്ചതാണെന്ന് കരുതുന്നു.

pathram desk 2:
Related Post
Leave a Comment