ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ്; ഒരുമാസത്തിന് ശേഷം രോഗ ബാധ ഉണ്ടായ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് ആകെ 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 80 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 31,183 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 30,358 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാഗ്രൂപ്പുകളിലെ 2,093 സാമ്പിളുകളില്‍ 1,234 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് ആകെ 80 ഹോട്ട്‌സ്‌പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും. ഏറ്റവും കൂടുതല്‍ കോവിഡ്19 ബാധിതര്‍ ചികിത്സയിലുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. 38പേരാണ് കണ്ണൂരില്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോടു സ്വദേശികളാണ്.

അതേസമയം കേന്ദ്രം അനുവദിച്ച ഇളവുകളില്‍ ഒട്ടുമിക്കവയും നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചെങ്കിലും ഏതാനും ചില കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കേണ്ടെന്നും തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് കേന്ദ്രം അനുവദിച്ച ഇളവ് സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചിരിക്കുന്നത്.

മദ്യവില്‍പനശാലകള്‍ തുറക്കാന്‍ കേന്ദ്രം ഇളവ് നല്‍കിയെങ്കിലും തല്‍ക്കാലം വേണ്ടെന്നാണ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചത്. എത്രയൊക്കെ നിയന്ത്രണം വെച്ചാലും ആളുകള്‍ മദ്യക്കടകളിലെത്തുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്യുമെന്ന് യോത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും വിധത്തില്‍ രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചാല്‍ അത് തിരക്കിട്ട് മദ്യഷോപ്പുകള്‍ തുറന്നതു മൂലമാണെന്ന ആരോപണം ഉണ്ടാവുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രീന്‍ സോണുകളില്‍ ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കാം എന്ന കേന്ദ്രത്തിന്റെ ഇളവ് വേണ്ടെന്നുവെക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും തുറക്കാനുള്ള ഇളവും വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റ് ഇളവുകള്‍ എല്ലാം കേന്ദ്രം നിര്‍ദേശിച്ച വിധത്തില്‍ത്തന്നെ നടപ്പാക്കും.

കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനപ്രകാരം കേരളത്തില്‍ വയനാടും എറണാകുളവുമാണ് നിലവില്‍ ഗ്രീന്‍ സോണിലുള്ളത്. എന്നാല്‍ ഇപ്പോള്‍ രോഗികളൊന്നുമില്ലാത്ത തൃശ്ശൂരും ആലപ്പുഴയും കൂടി ഗ്രീന്‍ സോണിലുള്‍പ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരം മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും..

അതേസമയം പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മെയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു.

ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. ഇതുകൂടാതെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാനെന്നും മന്ത്രി പറഞ്ഞു.

pathram online key words: corona latest news, kovid 19, kerala, health news, news kerala chief-minister pinarayi vijayan press meet over corona cases in kerala

pathram:
Related Post
Leave a Comment