മദ്യശാലകള്‍ തുറക്കാം; ബാറുകള്‍ പ്രവര്‍ത്തിക്കരുത്…; പുകയില വില്‍പ്പന കടകളും തുറക്കാം..; പുതിയ ഇളവുകള്‍ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ആളുകള്‍ തമ്മില്‍ ആറടി അകലം പാലിക്കണം. എന്നാല്‍ ബാറുകള്‍ പ്രവര്‍ത്തിക്കില്ല. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം.

ഒരു സമയത്ത് അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ മദ്യവില്‍പന ശാലകളില്‍ പാടില്ലെന്നും അകലം കൃത്യമായി പാലിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വരുമാന നഷ്ടം ചൂണ്ടിക്കാട്ടി പഞ്ചാബും കേരളവും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യത്ത് കോവിഡ് ലോക്ഡൗണ്‍ മൂന്നാംഘട്ടത്തിലേക്ക് നീട്ടുന്നതായി വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. മേയ് 3ന് രണ്ടാം ഘട്ട ലോക്ഡൗണ്‍ തീരാനിരിക്കെയാണു തീരുമാനം. ഇതോടെ രാജ്യത്തെ ലോക്ഡൗണ്‍ മേയ് 17 വരെ നീളും. റെഡ്‌സോണുകളില്‍ നിയന്ത്രണം കടുപ്പിക്കുമ്പോഴും ഗ്രീന്‍ സോണുകളിലും ഓറഞ്ച് സോണുകളിലും ഇളവുകള്‍ ഉണ്ടാകും. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. എന്നാല്‍ ഗ്രീന്‍ സോണുകളില്‍ ബസ് സര്‍വീസുകള്‍ക്ക് അനുമതിയുണ്ട്. 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു.

വിമാനം, റെയില്‍വേ, അന്തര്‍ സംസ്ഥാന യാത്രകള്‍ തുടങ്ങിയവയ്ക്കുള്ള വിലക്ക് തുടരും. സിനിമാശാലകള്‍, മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയില്‍ വിഭജനമുണ്ടാകും. രാഷ്ട്രീയ, മത, സാമൂഹിക ചടങ്ങുകള്‍ പാടില്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളില്‍നിന്നു പുറത്തിറങ്ങരുത്.

ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. അവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് എഴുവരെ പുറത്തിറങ്ങാം. ഓറഞ്ച് സോണില്‍ ടാക്‌സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്‌സിയില്‍ കയറാവൂ എന്നും കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

എന്നാല്‍ ചില കാര്യങ്ങള്‍ക്ക് സോണ്‍ വ്യത്യാസമില്ലാതെ രാജ്യമൊട്ടാകെ നിയന്ത്രണങ്ങള്‍ തുടരും. വ്യോമ-റെയില്‍-മെട്രോ ഗതാഗതവും അന്തര്‍സംസ്ഥാന യാത്രകളും അനുവദനീയമല്ല. കൂടാതെ സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കുകയില്ല. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല.

pathram:
Related Post
Leave a Comment