മലയാളികള്‍ക്ക് ഏറെ ആശ്വാസത്തിന് വകനല്‍കുന്നതായിരുന്നു ഇന്ന് കേരള സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പുതുതായി ഒരാള്‍ക്ക്‌പോലും കോവിഡ് രോഗ ബാധയില്ല. കൊറോണയെ പിടിച്ചുകെട്ടാനുള്ള തീവ്രശ്രമത്തില്‍ കേരളം ഒരു പരിധിവരെ വിജയിച്ചു എന്നതില്‍ സംശയമില്ല.
ഇതേസമയം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ കാര്യം എന്താണെന്നതും കേരളത്തെ ബാധിക്കുന്നതാണ്.
തമിഴ്‌നാട്ടിലെ കോവിഡ് പ്രഭവ കേന്ദ്രമായി ചെന്നൈ നഗരം മാറിയിരിക്കുന്നു.. വെള്ളിയാഴ്ച 176 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തില്‍ മാത്രം രോഗികള്‍ 1000 കടന്നു. ചെന്നൈയില്‍ ആകെ രോഗികള്‍ 1082. തമിഴ്‌നാട്ടില്‍ ഇതാദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടന്നു. ഇന്നു 203 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 3000 കടന്നു. ചെന്നൈയിലെ ഓമന്തുരാര്‍ മെഡിക്കല്‍ കോളജില്‍ 98 വയസ്സുകാരന്‍ മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. കില്‍പോക് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാല്‍, ഇവര്‍ക്കു കോവിഡില്ലെന്നു പിന്നീട് നടന്ന പരിശോധനയില്‍ സ്ഥിരീകരിച്ചു.
രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ചെന്നൈയില്‍ പ്രതിരോധത്തിനു യുദ്ധ സന്നാഹം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനു മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ആരോഗ്യ സെക്രട്ടറിയുമായ ജെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിക്കു രൂപം നല്‍കി. കോര്‍പറേഷനിലെ ഓരോ സോണിലും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണു ചുമതല. സമൂഹ വ്യാപനമെന്ന ആശങ്ക നിലനില്‍ക്കെ, ഏതു സാഹചര്യവും നേരിടാന്‍ കോര്‍പറേഷന്‍ ഒരുക്കം തുടങ്ങി. നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളും കോര്‍പറേഷന്‍ ഏറ്റെടുത്തു. ഇവ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കി മാറ്റും.
നഗരത്തിലെ രോഗികളില്‍ 98 ശതമാനത്തിനും ലക്ഷണമില്ലാത്തവരാണ്. ആശുപത്രികളില്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞതിനാല്‍, ലക്ഷണമില്ലാത്ത രോഗികളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റാന്‍ നടപടി തുടങ്ങി. 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാണ്, ലക്ഷണമില്ലാത്ത രോഗികളെ ആശുപത്രിയില്‍ നിന്നു മാറ്റുന്നത്. നഗരത്തില്‍ ലോക്ഡൗണ്‍ ലംഘനം പതിവായതിനാല്‍, ആവശ്യമില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുകയാണു പൊലീസ്. പിടികൂടുന്നവരെ 14 ദിവസത്തേക്കു നിര്‍ബന്ധിത ക്വാറന്റീനിലാക്കാനാണു പദ്ധതി. ഇതിനായി പ്രത്യേക കേന്ദ്രങ്ങളൊരുക്കാനും ആലോചിക്കുന്നു.
ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സാംപിള്‍ പരിശോധന നടത്തിയ സംസ്ഥാനമാണു തമിഴ്‌നാട്. ഇതില്‍ തന്നെ ചെന്നൈയില്‍ പരിശോധന വളരെ കൂടുതലാണ്. തമിഴ്‌നാട്ടില്‍ ലക്ഷത്തില്‍ 165 പേര്‍ക്കാണു പരിശോധന നടത്തുന്നത്. ദേശീയ തലത്തില്‍ ഇതു 65ല്‍ താഴെയാണ്. ചെന്നൈയില്‍ ഇതു 400 ല്‍ കൂടുതലാണ്. സാംപിള്‍ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചതാണു കോവിഡ് ബാധിതരുടെ എണ്ണം കൂടാന്‍ ഒരു കാരണമെന്നാണു ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
Leave a Comment