ടീമില്‍ സെലക്ഷന്‍ കിട്ടാതെ നിരാശനായി; ഉറങ്ങാനാവാതെ പൊട്ടിക്കരഞ്ഞു; കോഹ്ലി

ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒഴിച്ചുകൂടാനാവാത്ത താരമായി കോഹ്ലി മാറിയിരിക്കുന്നു. തന്റെ പഴയകാല അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് കോഹ്ലി ഇപ്പോള്‍. ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ സെലക്ഷനു പോയി ഇടം കിട്ടാതെ മടങ്ങിയ സംഭവം വിവരിച്ച് ഇപ്പോള്‍ ലോക ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ താരമായി വിലയിരുത്തപ്പെടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സിലക്ഷന്‍ കിട്ടാതെ നിരാശനായി മടങ്ങിയെന്നു മാത്രമല്ല, പിറ്റേന്നു പുലര്‍ച്ചെ മൂന്നു മണി വരെ ഉറങ്ങാന്‍ പോലുമാകാതെ പൊട്ടിക്കരഞ്ഞുവെന്നും കോലി വിവരിച്ചു. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം ഒരു കൂട്ടം വിദ്യാര്‍ഥികളുമായി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഓണ്‍ലൈനില്‍ സംവദിക്കുമ്പോഴാണ് കോലി ടീമില്‍ സിലക്ഷന്‍ കിട്ടാതെ പൊട്ടിക്കരഞ്ഞ സംഭവം വിവരിച്ചത്.

സംസ്ഥാന ടീമില്‍ ആദ്യമായി സിലക്ഷനു പോയസമയത്ത് ഞാന്‍ തഴയപ്പെട്ടിരുന്നു. അന്ന് രാത്രിയായിട്ടും എനിക്ക് സങ്കടമടക്കാനായില്ല. പുലര്‍ച്ചെ മൂന്നുമണിവരെ ഞാന്‍ പൊട്ടിക്കരഞ്ഞു. ‘ – വിദ്യാര്‍ഥികളോടായി കോലി വിശദീകരിച്ചു.

‘അന്ന് സിലക്ഷന്‍ മത്സരത്തില്‍ ഞാന്‍ മികച്ച പ്രകടനമാണ് നടത്തിയത്. കൊള്ളാവുന്ന സ്‌കോറും കണ്ടെത്തി. എല്ലാംകൊണ്ടും സിലക്ഷന്‍ കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നിട്ടും തഴയപ്പെട്ടത് എനിക്ക് സഹിക്കാനായില്ല. എന്തുകൊണ്ടാണ് എന്നെ ടീമില്‍ എടുക്കാതിരുന്നതെന്ന് ഞാന്‍ രണ്ടു മണിക്കൂറോളം കോച്ചിനോട് ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. അതിന്റെ കാരണം എനിക്കൊട്ടും മനസ്സിലായില്ല. പക്ഷേ, ചെയ്യുന്ന കാര്യത്തോട് ഇഷ്ടവും അതിനായി സ്വയം സമര്‍പ്പിക്കാനുള്ള ആര്‍ജവവും ഉണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആഗ്രഹിച്ചതു നേടും’ –- കോലി പറഞ്ഞു.

ജീവിതത്തില്‍ ക്ഷമയും ശാന്തതയും പഠിച്ചത് അനുഷ്‌ക ശര്‍മ ജീവിതത്തിലേക്കു വന്നതിനുശേഷമാണെന്നും കോലി വെളിപ്പെടുത്തി. 2013 മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും 2017ലാണ് വിവാഹിതരായത്. ‘സത്യം പറഞ്ഞാല്‍ അനുഷ്‌കയെ പരിചയപ്പെട്ടതിനുശേഷമാണ് ജീവിതത്തില്‍ എനിക്കു കുറച്ചെങ്കിലും ക്ഷമ കിട്ടിയത്. അതിനുമുന്‍പ് ഒട്ടും ക്ഷമയില്ലാത്തയാളായിരുന്നു ഞാന്‍’ –- കോലി വിശദീകരിച്ചു.

പിന്നീട് 2006ലാണ് കോലി ഡല്‍ഹിക്കായി അരങ്ങേറിയത്. പിന്നീട് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനായി. രണ്ടു വര്‍ഷത്തിനുശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. അവിടുന്നിങ്ങോട്ട് റെക്കോര്‍ഡുകളെല്ലാം കടപുഴക്കിയാണ് കോലിയുടെ മുന്നേറ്റം. 86 ടെസ്റ്റില്‍നിന്ന് ഇതുവരെ നേടിയത് 27 സെഞ്ചുറിയും 22 അര്‍ധസെഞ്ചുറിയും സഹിതം 53.63 ശരാശരിയില്‍ 7240 റണ്‍സ്. 248 ഏകദിനങ്ങളില്‍നിന്ന് 43 സെഞ്ചുറിയും 58 അര്‍ധസെഞ്ചുറികളും സഹിതം 59.34 ശരാശരിയില്‍ 11,867 റണ്‍സും 81 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 24 അര്‍ധസെഞ്ചുറികള്‍ സഹിതം 50.8 ശരാശരിയില്‍ 2794 റണ്‍സും നേടി.

pathram:
Leave a Comment