അഞ്ചര ലക്ഷത്തോളം പ്രവാസികളെത്തും; നെഗറ്റീവാണെങ്കിലും നീരീക്ഷണത്തിലാക്കും; ബന്ധുക്കള്‍ സ്വീകരിക്കാനെത്തരുത്…

അനുമതി ലഭിച്ചാല്‍ സ്വന്തം നാട്ടിലെക്ക് എത്താന്‍ വേണ്ടി കാത്തിരിക്കുകയാണ് പ്രവാസി മലയാളികള്‍. നിരവധി പേര്‍ ഒന്നിച്ച് എത്തുമ്പോള്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്തായാലും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിക്കഴിഞ്ഞു. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കില്‍പോലും 9,600 പേരെ മുതല്‍ 27,600 പേരെ വരെ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടിവരും. തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ നോര്‍ക്ക സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം. ഈ റജിസ്‌ട്രേഷന്‍ കൊണ്ട് ടിക്കറ്റ് ബുക്കിങ്ങില്‍ മുന്‍ഗണന ലഭിക്കില്ല. സൈറ്റ് നിര്‍മാണഘട്ടത്തിലാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ മുന്‍ഗണനാക്രമം ചുവടെ…

1 വിസിറ്റിങ് വീസ കാലാവധി കഴിഞ്ഞ് വിദേശത്തു കഴിയുന്നവര്‍
2 വയോജനങ്ങള്‍
3 ഗര്‍ഭിണികള്‍
4 കുട്ടികള്‍
5 രോഗികള്‍
6 വിസ കാലാവധി പൂര്‍ത്തിയായവര്‍
7 കോഴ്‌സുകള്‍ പൂര്‍ത്തിയായ സ്റ്റുഡന്റ് വീസയിലുള്ളവര്‍
8 ജയില്‍ മോചിതര്‍
9 മറ്റുള്ളവര്‍

വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ക്വാറന്റീന്‍ സെന്ററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. ഇവരെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളിലെത്താന്‍ ബന്ധുക്കള്‍ക്ക് അനുവാദമുണ്ടാകില്ല. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറന്റീന്‍ ചെയ്യാം.

കേരളത്തിലേക്കു വരുന്ന പ്രവാസികള്‍ യാത്ര തിരിക്കുന്നതിനു മുന്‍പ് എത്ര ദിവസത്തിനുള്ളില്‍ ടെസ്റ്റ് നടത്തണമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം പ്രവാസി സംഘടനകള്‍ ഒരുക്കണം. വിമാനക്കമ്പനികളുടെ സര്‍വീസ് പ്ലാന്‍, ബുക്കിങ്ങിന്റെ എണ്ണം, കേരളത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലെത്തുന്ന ട്രാന്‍സിറ്റ് പാസഞ്ചേഴ്‌സിന്റെ എണ്ണം എന്നിവ ചീഫ് സെക്രട്ടറി തലത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, വിമാനക്കമ്പനികള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്യണം. വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം. പ്രവാസികളെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തില്‍നിന്ന് വിദേശത്തേക്കു പോകുന്ന യാത്രക്കാര്‍ക്കും പ്രോട്ടോക്കോള്‍ തയാറാക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7