ഓണ്‍ലൈന്‍ ക്ലാസ് : മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍…

കൊല്‍ക്കത്ത: മരത്തിന് മുകളിലിരുന്ന് ക്ലാസുകള്‍ എടുക്കുന്ന ഒരു അധ്യാപകന്‍. സിഗ്‌നല്‍ തകരാറ് വെല്ലുവിളിയായതോടെയാണ് അധ്യപകന്‍ മരത്തിന് മുകളില്‍ കയറാന്‍ തീരുമാനിച്ചത്. കൊല്‍ക്കത്തയിലെ മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സുബത്ര പാഠി എന്ന ഈ അധ്യാപകന്‍ പഠിപ്പിച്ചിരുന്നത്.

ലോക്ക്‌ഡൌണിനേത്തുടര്‍ന്ന് പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലെ അഹാന്ദ ഗ്രാമത്തിലെ വീട്ടില്‍ കുടുങ്ങിയ സുബത്രയോട് ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കാമോയെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ മൊബൈല്‍ സിഗ്‌നല്‍ കൃത്യമായി ലഭിക്കാതെ ക്ലാസുകള്‍ മുടങ്ങുമെന്ന് വന്നതോടെയാണ് ഈ അധ്യാപകന്‍ സമീപത്തെ വേപ്പ് മരത്തില്‍ കയറിയത്.

കൂടുതല്‍ ഉയര്‍ന്ന സ്ഥലത്ത് എത്തിയാല്‍ സിഗ്‌നല്‍ തകരാറുകള്‍ കുറയുമോയെന്ന് പരീക്ഷിക്കാനായിരുന്നു ഈ മരം കയറ്റം. വെയിലും മൂത്രശങ്കയുമാണ് നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ചില ക്ലാസുകള്‍ വേനല്‍ മഴ തടസപ്പെടുത്തിയെന്നും സുബത്ര പറയുന്നു.

എന്നാല്‍ പരീക്ഷണം സഫലമായതോടെ വേപ്പ് മരത്തിന് മുകളില്‍ ഒരു തട്ട് ഉണ്ടാക്കി ക്ലാസുകള്‍ മരത്തിന് മുകളില്‍ നിന്നാണ് ഈ അധ്യാപകന്‍ നല്‍കുന്നത്. നിലവില്‍ എല്ലാദിവസവും രാവിലെ സുബത്ര മരത്തിന് മുകളില്‍ സജ്ജമാക്കിയ പ്ലാറ്റ്‌ഫോമിലെത്തി ക്ലാസുകള്‍ നല്‍കുകയാണ് ഇപ്പോള്‍.

മുളകള്‍ കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ്‌ഫോമില്‍ വൈക്കോല്‍ വിരിച്ചാണ് അധ്യാപകന്‍ ക്ലാസ് റും തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കാനായി ഇറങ്ങി വരുന്നത് ബുദ്ധിമുട്ടായതിനാല്‍ കുറച്ച് ഭക്ഷണവുമായാണ് രാവിലെ മരത്തിന് മുകളെ ക്ലാസ് റൂമിലേക്ക് സുബത്ര എത്തുന്നത്.

pathram:
Related Post
Leave a Comment