ആശ്വാസം നഷ്ടപ്പെട്ടു..!! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നെഗറ്റീവ് കേസുകളെക്കാള്‍ പോസിറ്റീവ് കേസുകളാണ് കൂടുതല്‍. കണ്ണൂര്‍ 10, പാലക്കാട് 4, കാസര്‍കോട് 3, മലപ്പുറം, കൊല്ലം ഒന്നു വീതം എന്നിങ്ങനെയാണു പോസിറ്റീവ് കേസുകള്‍. കണ്ണൂരിലെ രോഗികളില്‍ 9 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. ഒരാള്‍ക്കു സമ്പര്‍ക്കം വഴിയും രോഗം ബാധിച്ചു.

പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗബാധയുണ്ടായ ഓരോരുത്തര്‍ തമിഴ്‌നാട്ടില്‍നിന്നും എത്തിയവരാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 426 ആയി. 117 പേര്‍ ചികില്‍സയിലുണ്ട്. 36,667 പേര്‍ നിരീക്ഷണത്തിലാണ്. 36,335 പേര്‍ വീടുകളിലും 332 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20,252 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19,442 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കേണ്ട ആവശ്യകതയാണ് ഇതു വ്യക്തമാക്കുന്നത്. കാസര്‍കോട് പോസിറ്റീവ് ആയ മൂന്നുപേരും വിദേശത്തുനിന്ന് വന്നവരാണ്. ഇന്ന് 16 പേര്‍ക്കാണ് രോഗം ഭേദമായത്. കണ്ണൂര്‍ 7, കാസര്‍കോട് 4, കോഴിക്കോട് 4, തിരുവനന്തപുരം 1. ഇപ്പോള്‍ കൂടുതല്‍ കോവിഡ് രോഗികളുള്ളത് കണ്ണൂരിലാണ്. ഇതുവരെ 104 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു വീട്ടില്‍ സമ്പര്‍ക്കം വഴി 10 പേര്‍ക്ക് രോഗം വന്നു. അതിനാലാണ് ജില്ലയില്‍ വലിയ തോതില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.

രോഗലക്ഷണമില്ലെങ്കിലും മാര്‍ച്ച് 12നും ഏപ്രില്‍ 22നും ഇടയില്‍ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്‌ക് കോണ്‍ടാക്ടുകളിലുള്ള മുഴുവന്‍ പേരുടെയും സാംപിള്‍ പരിശോധിക്കും. 53 പേരാണ് ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ചികിത്സയിലുള്ളത്. പോസിറ്റീവ് കേസുകള്‍ കൂടിയതിനാല്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നു എന്നുറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധനയും ഏര്‍പ്പെടുത്തി. ജില്ലയില്‍ റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനയ്ക്ക് എങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കുന്നുണ്ട്.

pathram:
Related Post
Leave a Comment