പൊങ്ങച്ചം പറയാനല്ല വാര്‍ത്താ സമ്മേളനം..!!! ആരും വിഷമിക്കേണ്ട ഇനി എല്ലാദിവസവും ഉണ്ടാകും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ തീരുന്നതുവരെ എല്ലാ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തും. തിങ്കളാഴ്ച വൈകീട്ട് നാലുമണിക്ക് ചേര്‍ന്ന അവലോകന യോഗത്തിലാണ് ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാദിവസവും വാര്‍ത്താ സമ്മേളനം തുടരുമെന്ന കാര്യം മുഖ്യമന്ത്രി അറിയിച്ചത്.

വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് നിരവധി കോളുകളാണ് വിദേശത്തുനിന്ന് വരുന്നത്. അതുകൊണ്ട് വാര്‍ത്താസമ്മേളനം തുടരാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ അറിയിച്ചു.

ഏറ്റവും ഒടുവില്‍ വാര്‍ത്താസമ്മേളനം നടന്നത് വ്യാഴാഴ്ചയാണ്. ആഴ്ചയില്‍ ഒരു ദിവസം മാത്രമേ അവലോകന യോഗം ഉണ്ടാവുകയുള്ളൂവെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ശ്രമിക്കാമെന്നുമാണ് അന്ന് മുഖ്യമന്ത്രി അറിയിച്ചത്. ആ തീരുമാനമാണ് മുഖ്യമന്ത്രി മാറ്റിയിരിക്കുന്നത്.

പ്രതിപക്ഷം ആരോപിച്ചതുപോലെ പൊങ്ങച്ചം പറയാനായി വാര്‍ത്താസമ്മേളനം ഉപയോഗപ്പെടുത്തിയിരുന്നില്ലെന്ന് അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ‘കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ടുള്ള ദിവസങ്ങളില്‍ ഇനി കാണാം എന്നുപറഞ്ഞുകൊണ്ടായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അതത് ദിവസങ്ങളിലെ പ്രധാന സംഭവങ്ങളാണ് എടുത്ത് പറഞ്ഞിരുന്നത്. പൊങ്ങച്ചം പറയാനായി വാര്‍ത്താസമ്മേളനം ഉപയോഗിച്ചിരുന്നില്ല.’ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നിര്‍ത്തിയത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

pathram:
Related Post
Leave a Comment