യുവരാജ് ജി…ഡല്‍ഹി നിങ്ങളോട് കടപ്പെട്ടിരിക്കുന്നു

ന്യൂഡല്‍ഹി: പ്രതിസന്ധി ഘട്ടത്തില്‍ താങ്ങായി എത്തിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് നന്ദിയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള യുവി ഫൗണ്ടേഷന്‍ 15,000 എന്‍95 മാസ്‌കുകള്‍ എത്തിച്ചുകൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കേജ്‌രിവാള്‍ യുവിക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയത്.

യുവരാജ് ജി, ഈ ഉദാരമായ സഹായത്തിന് ഡല്‍ഹി നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. അര്‍ബുദത്തോടു പടപൊരുതി താങ്കള്‍ നേടിയ വിജയം ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ വലിയ പ്രചോദനമാണ്. നമുക്കൊരുമിച്ച്, ഇതിനെ അതിജീവിക്കാം’ –കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ, ട്വിറ്ററിലൂടെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ വന്‍തോതില്‍ മാസ്‌കുകള്‍ എത്തിച്ച വിവരം യുവരാജ് പങ്കുവച്ചത്.

കോവിഡ് 19നെതിരായ പോരാട്ടത്തിലെ യഥാര്‍ഥ നായകര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഡല്‍ഹിയിലെ ഇത്തരം നായകര്‍ക്കായി 15,000 എന്‍95 മാസ്‌കുകള്‍ എത്തിച്ചുകൊടുത്ത് ഡല്‍ഹി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ യുവിക്യാന്‍, ഐഎച്ച്എസ് മാര്‍ക്കിറ്റ് എന്നിവയ്‌ക്കൊപ്പം എനിക്കും അവസരം കിട്ടി. ഈ ഇടപെടലിന് ഐഎച്ച്എസ് മാര്‍ക്കിറ്റ്, ഹിമാന്‍ഷു എന്നിവര്‍ക്ക് നന്ദി’ – യുവരാജ് ട്വീറ്റ് ചെയ്തു. നേരത്തെ, കോവിഡ് 19 പ്രതിരോധ ദൗത്യത്തില്‍ സഹായിക്കാന്‍ പ്രധാനമന്ത്രിയുടെ ക്ഷേമനിധിയിലേക്ക് യുവരാജ് സിങ് 50 ലക്ഷം രൂപയും സംഭാവന നല്‍കിയിരുന്നു

pathram:
Related Post
Leave a Comment