സ്‌കൂളിലെ പീഡനം; പ്രതി നിരപരാധിയെന്ന് ഡിജിപിക്ക് ഭാര്യയുടെ നിവേദനം; സത്യാവസ്ഥ അറിഞ്ഞില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരും

കണ്ണൂര്‍: പാനൂര്‍ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി. നേതാവിന്റെ ഭാര്യ ഡി.ജി.പിക്കു നിവേദനം നല്‍കി. പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പത്മരാജന്‍ നിരപരാധിയാണെന്നു ചൂണ്ടിക്കാണിച്ചാണു ഭാര്യ ജീജ ഡി.ജി.പിക്കു നിവേദനം നല്‍കിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ ബി.ജെ.പി. ജില്ലാ നേതൃത്വവും പത്മരാജന്‍ നിരപരാധിയാണെന്ന വാദം ഉന്നയിച്ച് രംഗത്തെത്തിരുന്നു. സംഭവത്തില്‍ മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ. നേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടായെന്നാണ് ആരോപണം. അതിനുകാരണം തന്റെ ഭര്‍ത്താവ് സി.എ.എ. അനുകൂല നിലപാടുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതാകാമെന്നും നിവേദനത്തിലുണ്ട്.

പീഡനം നടന്നുവെന്ന് കുട്ടി ആരോപിക്കുന്ന ദിവസങ്ങളില്‍ തന്റെ ഭര്‍ത്താവ് സ്‌കൂളില്‍ ഇല്ലായിരുന്നെന്നും ഇവര്‍ വാദിക്കുന്നു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഫോണ്‍ പരിശോധിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.

കേസ് അന്വേഷണത്തിനായി മാനസികരോഗ വിദഗ്ധരുടെ സേവനം തേടണം. പണം നല്‍കിക്കൊണ്ടുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നതെന്ന് സംശയിക്കുന്നതായും നിവേദനത്തിലുണ്ട്. സത്യം പുറത്തുവന്നില്ലെങ്കില്‍ രണ്ടു കുട്ടികളുടെ അമ്മയായ തനിക്ക് ജീവിതം അവസാനിപ്പിക്കേണ്ടി വരേണ്ട അവസ്ഥയാണെന്നും നിവേദനത്തില്‍ പറയുന്നു.

കേരളാ പോലീസ് നടത്തിയ അന്വേഷണം ഏകപക്ഷീയമാണെന്നും വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ നിരപരാധിയായ അധ്യാപകനെ പിടികൂടുകയാണ് ചെയ്തതെന്നും ബി.ജെ.പി. ജില്ലാ നേതൃത്വം ആരോപിക്കുന്നു. ചില മത തീവ്രവാദ സംഘടനകളുടെയും രാഷ്ടീയ പാര്‍ട്ടികളുടെയും സ്വാധീനത്താല്‍ പത്മരാജനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ചൂണ്ടിക്കാട്ടി. കേസിലെ സത്യാവസ്ഥ അറിയാന്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ് ബി.ജെ.പിയുടെ നിലപാട്.

pathram:
Related Post
Leave a Comment