കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുകല്ലായി സ്വദേശി മഹറൂഫ് (71) ആണ് മരിച്ചത്.
വൃക്കരോഗവും ഹൃദ്രോഗവും ഉള്ളയാളായിരുന്നു മഹറൂഫ്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമല്ല. മാര്‍ച്ച് 26നാണ് മഹറൂഫിന് പനി ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് തലശ്ശേരി ടെലി ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടി എത്തിയത്.
രൂക്ഷമായ ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 31ന് ഇതേ ആശുപത്രിയില്‍ അഡ്മിറ്റായി. അസുഖം മൂര്‍ച്ഛിച്ചതോടെ അന്ന് വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് അദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിക്കുകയും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്യുന്നത്.
മരിച്ചയാള്‍ ധാരാളം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിയില്‍ പോകുകയും മകന്റെ കൂടെ പെണ്ണുകാണല്‍ ചടങ്ങിന് പോകുകയും ചെയ്തിരുന്നു. ഇയാള്‍ ന്യൂ മാഹി, പന്ന്യന്നൂര്‍, ചൊക്ലി എന്നീ പഞ്ചായത്തുകളിലേക്ക് യാത്ര നടത്തിയതായും വിവാഹത്തിലുള്‍പ്പെടെ പങ്കെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.