കോഹ് ലിയെ സുഖിപ്പിക്കാന്‍ ഔട്ടാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്ന താരങ്ങള്‍ ഇല്ല, മൈക്കല്‍ ക്ലാര്‍ക്കിനെ തള്ളി പെയ്ന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി20 ക്രിക്കറ്റില്‍നിന്നു ലഭിക്കുന്ന കോടികളുടെ പ്രതിഫലം നഷ്ടമാകുമെന്ന ഭയത്താല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളോട് ‘സുഖിപ്പിക്കുന്ന’ സമീപനം സ്വീകരിച്ചുവെന്ന മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വെളിപ്പെടുത്തല്‍ തള്ളി ഓസീസ് ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍. കളത്തില്‍ തിരിച്ചടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കോലിയെ അനാവശ്യമായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പെയ്ന്‍, ക്ലാര്‍ക്ക് ആരോപിക്കുന്നതുപോലെ കോലിയെ ‘സുഖിപ്പിക്കാന്‍’ ശ്രമിച്ച ഓസീസ് താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയില്ലെന്നും പ്രതികരിച്ചു.

ഇന്ത്യന്‍ ക്യാപ്റ്റനെ അനാവശ്യമായി പ്രകോപിപ്പിച്ച് തിരിച്ചടി വാങ്ങേണ്ടതില്ലെന്ന തന്ത്രപരമായ സമീപനമല്ലാതെ, കോലിയോട് നയപരമായി പെരുമാറുന്നതിന് മറ്റൊരു കാരണവുമില്ലെന്നും പെയ്ന്‍ വ്യക്തമാക്കി.

‘കോലിയോട് തീരെ മയത്തില്‍ പെരുമാറുന്ന അധികം ഓസീസ് താരങ്ങളെയൊന്നും ഞാന്‍ കണ്ടിട്ടില്ല. കോലി ഔട്ടാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നവരും ടീമിലില്ല. ഓസീസ് നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങുന്നവരും ബോള്‍ ചെയ്യുന്നവരും ടീമിന്റെ വിജയത്തിനായി കൈമെയ് മറന്നു പോരാടുന്നതാണ് ഇതുവരെയുള്ള അനുഭവം. കോലിയെ ‘സുഖിപ്പിക്കാന്‍’ ശ്രമിക്കുന്നവര്‍ ആരെന്ന് അറിയില്ല. കോലിയെ പ്രകോപിപ്പിച്ചാല്‍ അദ്ദേഹം ശക്തമായ പ്രകടനം നടത്താന്‍ സാധ്യത കൂടുതലായതിനാല്‍ അനാവശ്യമായ പ്രകോപനങ്ങള്‍ ഒഴിവാക്കാറുണ്ട്’ – പെയ്ന്‍ വിശദീകരിച്ചു.

‘അടുത്ത ഇന്ത്യ–ഓസ്‌ട്രേലിയ പരമ്പരയില്‍പ്പോലും എന്തു സംഭവിക്കുമെന്ന് ആര്‍ക്കറിയാം! ഇതിനു മുന്‍പു നടന്ന പരമ്പരയില്‍ത്തന്നെ ചൂടന്‍ നിമിഷങ്ങള്‍ ഒട്ടേറെയുണ്ടായിരുന്നു. ഞാന്‍ എന്തായാലും കോലിയുമായുള്ള മുഖാമുഖങ്ങളില്‍ ഒട്ടും മയം കാട്ടിയിട്ടില്ല. മാത്രമല്ല, എന്നെ സംബന്ധിച്ച് ഐപിഎല്ലും വിഷയമല്ല. അതുകൊണ്ടുതന്നെ നഷ്ടപ്പെടാനും ഒന്നുമില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരവും കോലിക്കെതിരെ ബോള്‍ ചെയ്യുമ്പോഴോ ഫീല്‍ഡ് ചെയ്യുമ്പോഴോ ഐപിഎല്‍ മനസ്സില്‍വച്ച് മയം കാട്ടുമെന്ന് ഞാന്‍ കരുതുന്നുമില്ല’ – പെയ്ന്‍ പറഞ്ഞു.

pathram:
Leave a Comment