ഗവാസ്‌ക്കറുടെ രഹസ്യ സംഭാവന പരസ്യമാക്കി… സഹായം പ്രഖ്യാപിച്ച് ചേതേശ്വര്‍ പൂജാരയും

ഗവാസ്‌ക്കറുടെ രഹസ്യ സംഭാവന പരസ്യമാക്കി…കൊറോണ വൈറസ്സിനെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചും സംഭാവന നല്‍കിയും മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ സുനില്‍ ഗാവസ്‌കറും ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയും രംഗത്ത്. പരസ്യ പ്രഖ്യാപനങ്ങളൊന്നും കൂടാതെയായിരുന്നു ഗാവസ്‌കര്‍ സംഭാവന നല്‍കിയതെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പരസ്യമാക്കിയത്.

പിന്നീട് മുന്‍ മുംബൈ ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് പരിശീലകനുമായ അമോല്‍ മജുംദാര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, സംഭാവന നല്‍കിയ കാര്യം പൂജാര പരസ്യമാക്കിയെങ്കിലും തുക വെളിപ്പെടുത്തിയില്ല.

കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ ആശങ്കാജനകമായ വിധത്തില്‍ വര്‍ധിക്കുന്നതിനിടെയാണ് ഇരുവരും സംഭാവന ഉറപ്പാക്കിയത്. ഗാവസ്‌കര്‍ ആകെ 59 ലക്ഷം രൂപ സംഭാവന നല്‍കിയതായി അമോല്‍ മജുംദാര്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായാണ് അദ്ദേഹം സംഭാവന നല്‍കിയത്.

‘കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് എസ്എംജി (സുനില്‍ ഗാവസ്‌കര്‍) 59 ലക്ഷം രൂപ സംഭാവന നല്‍കിയതായി അല്‍പം മുന്‍പാണ് അറിഞ്ഞത്. ഇതില്‍ 35 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും ബാക്കി 24 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നല്‍കിയത്. മാതൃകാപരം, സര്‍’ – അമോല്‍ മജുംദാര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സംഭാവനുയമായി പങ്കാളിയായ വിവരം പൂജാര തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുക വെളിപ്പെടുത്താതെയാണ് പൂജാരയുടെ ട്വീറ്റ്

‘പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഞാനും എന്റെ കുടുംബവും എളിയൊരു തുക സംഭാവന നല്‍കി. നിങ്ങളും ചെയ്യുമെന്ന് കരുതുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തിനും മനുഷ്യരാശിക്കുമ്ായി അഹോരാത്രം കഠിനാധ്വാനം ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി’ – പൂജാര ട്വിറ്ററില്‍ കുറിച്ചു

pathram:
Related Post
Leave a Comment