ന്യൂജഴ്‌സി: കൊറോണ രോഗകാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ജോലി ചെയ്യുന്ന മലയാളി ഡോക്ടര്‍. രോഗം ബാധിച്ചപ്പോള്‍ 90 വയസ്സായതു പോലെ തോന്നിയെന്നും മുങ്ങിമരിക്കുന്ന പ്രതീതിയാണ് ഉണ്ടായതെന്നും ഡോ. ജൂലി ജോണ്‍ പറഞ്ഞു. കുട്ടികളോട് വിടപറയുന്നതിനായി വിഡിയോ വരെ തയാറാക്കി, അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളം കോവിഡിനെ നേരിടുന്നത് മികച്ച രീതിയില്‍ ആണെന്നും മലയാളി എന്നതില്‍ അഭിമാനം ഉണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളോടു വിടപറയുന്നതിനായി ഡോ. ജൂലി തയാറാക്കിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ അമേരിക്കയിലും കോവിഡ് മരണം 10,000 കടന്നു. അടുത്ത ഒരാഴ്ച രാജ്യത്ത് കോവിഡ് വ്യാപനവും മരണവും പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം വരെ ആളുകള്‍ മരിച്ചേക്കാമെന്നാണു മുന്നറിയിപ്പ്. വെന്റിലേറ്ററുകളും മാസ്‌കുകളും ആവശ്യത്തിന് ഇല്ലാത്തത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അതിനിടെ, കോവിഡ് രൂക്ഷമായി ബാധിച്ച ന്യൂയോര്‍ക്കില്‍ കഴിഞ്ഞ രണ്ടുദിവസമായി മരണനിരക്ക് വന്‍തോതില്‍ ഉയരുന്നില്ല. പുതിയ രോഗികളുടെ എണ്ണത്തിലും നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന് ഏര്‍പ്പടുത്തിയ നിയന്ത്രണങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണിതെന്ന് ന്യൂയോര്‍ക്ക് മേയര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 1000 ഡോളര്‍ പിഴ ഈടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.
Leave a Comment