ന്യൂഡല്‍ഹി: കൊറോണ വായുവിലൂടെ പകരുമെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് വഴിവച്ച സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം.
രോഗം ബാധിച്ചയാളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയോ അവരെ പരിചരിക്കുന്നതിലൂടെയോ മാത്രമേ വൈറസ് പടരൂ എന്ന മുന്‍ റിപ്പോര്‍ട്ടുകളെ ലംഘിക്കുന്ന ചില റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി പകര്‍ന്നേക്കാമെന്ന് അമേരിക്കയിലെ ശാസ്ത്രജ്ഞരാണ് മുന്നറിയിപ്പ് നല്‍കിയത്. യു.എസ് പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ യു.എസ് ശാസ്ത്രജ്ഞരുടെ വാദത്തില്‍ കഴമ്പില്ലെന്നാണ് ഐ.സി.എം.ആറിന്റെ വിലയിരുത്തല്‍. അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂവെന്നതാണ് പൊതുവായ വിലയിരുത്തല്‍. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം പടരൂ എന്നതിനാല്‍ അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരുകളും നല്‍കിവരുന്നത്.