കോവിഡ് 19 പിടിയില്‍ നിന്ന് പടിപടിയായി തിരിച്ചുവരാന്‍ കേരളം…

രണ്ടാഴ്ചയോളം കോവിഡ് 19 പ്രതിരോധത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു. ഇത് കോവിഡ് മറ്റു ലോകരാജ്യങ്ങളില്‍ പടര്‍ന്നത് പോലെ സംഭവിക്കാതിരിക്കാന്‍ ഗുണം ചെയ്തു. ഇപ്പോള്‍ പതുക്കെ പതുക്കെ തിരിച്ചുവരവിന്റെ പാതയിലാണ് കേരളം. കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ടുകള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ഹോട്ട് സ്‌പോട്ട് അല്ലാത്ത പ്രദേശങ്ങള്‍ നിബന്ധനകളോടെ സാധാരണ നിലയിലേക്ക് വരും. എന്നാല്‍ കൂടുതല്‍ രോഗബാധ ഉണ്ടായാല്‍ ഇനിയും ദിവസങ്ങളോളം ലോക്ക്ഡൗണ്‍ നീളാനും സാധ്യതയുണ്ട്. എങ്കിലും രോഗം കൂടുതല്‍ ബാധിക്കാത്ത സ്ഥലങ്ങളില്‍ ഇതിന്റെ പരീക്ഷണമെന്ന നിലയില്‍ ചില അനുമതികള്‍ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ തുറക്കാനാണ് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. തേയില തോട്ടങ്ങളില്‍ കൊളുന്ത് നുള്ളാനും അത് ഉല്‍പന്നമാക്കാനും ഫാക്ടറി തുറക്കാം. കൊളുന്ത് നുള്ളാന്‍ അര ഏക്കറിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. മസ്റ്ററിങ് പൂര്‍ണ്ണമായി ഒഴിവാക്കണം. കൊളുന്ത് തൂക്കുന്ന സ്ഥലത്ത് തൊഴിലാളികള്‍ തമ്മില്‍ ഏട്ടടി അകലം പാലിക്കണം.

ഏലതോട്ടങ്ങളില്‍ ജലസേചനം നടത്താം. അത്യാവശ്യ കീടനാശിനി പ്രയോഗവും അനുവദിക്കും. ഇതിനായി ഒരു ഏക്കറില്‍ ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. ഒരു കാരണവശാലും അതിര്‍ത്തി സംസ്ഥാന തൊഴിലാളികളെ നിയോഗിക്കാന്‍ പാടില്ല. കാപ്പിതോട്ടത്തില്‍ ജലസേചനം നടത്തുന്നതിനും കീടനാശിനി പ്രയോഗത്തിനും അനുമതി നല്‍കി. എണ്ണപ്പന പഴം വിളവെടുക്കുന്നതിനും അത് ഫാക്ടറിയില്‍ പ്രോസസ് ചെയ്യുന്നതിനും 15 ഏക്കറിന് 4 തൊഴിലാളികളെ മാത്രമേ നിയോഗിക്കാവൂ.

കശുവണ്ടി ശേഖരിക്കുന്നതിനും അത് യാര്‍ഡില്‍ എത്തിക്കുന്നതിനും ഒരു ഹെക്ടര്‍ സ്ഥലത്തിന് ഒരു തൊഴിലാളിയെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് 19 വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ക്യത്യമായി പാലിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുമെന്നും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് അറിയിച്ചു.

pathram:
Related Post
Leave a Comment