യു. പ്രതിഭയ്‌ക്കെതിരേ സിപിഎം; വിശദീകരണം തേടും

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എത്തിയ യു. പ്രതിഭ എംഎല്‍എയ്‌ക്കെതിരേ സിപിഎം രംഗത്ത്. കായംകുളത്തെ ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പ്രതിഭ എംഎല്‍എയുമായുള്ള ഫെയ്‌സ്ബുക് പോര് വാര്‍ത്തയായതിനെത്തുടര്‍ന്നാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്‌സ്ബുക് ലൈവിലെത്തി മോശം പരാമര്‍ശം നടത്തിയത്.

എംഎല്‍എ ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ പോസ്റ്റിട്ടതിനെത്തുടര്‍ന്ന!ാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ ചില നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ എംഎല്‍എയെ ആക്ഷേപിക്കുന്നവിധം പ്രചാരണം നടത്തിയിരുന്നു. ഈ ലോക്ഡൗണ്‍ കാലത്ത് ചില വിഷസര്‍പ്പങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നും ലോക്ഡൗണ്‍ കഴിഞ്ഞ ശേഷം വാവസുരേഷിനെ വിളിച്ച് അവയെ മാളത്തില്‍ നിന്നിറക്കണമെന്നും പ്രതിഭ എംഎല്‍എ പ്രതികരിക്കുകയും ചെയ്തു. ഇതു വാര്‍ത്തയായതോടെയാണ് എംഎല്‍എ മാധ്യമപ്രവര്‍ത്തകരെയും സ്ത്രീകളെയും അവഹേളിക്കുന്നവിധം പരാമര്‍ശം നടത്തി രംഗത്തെത്തിയത്.

പ്രതിഭയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു….

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് ലജ്ജയാകില്ലേ, ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, അതിനാണോ നമുക്ക് ഈ കാലഘട്ടത്തില്‍ സമയം? എന്റെ വായിലിട്ടു കുത്തി നിങ്ങള്‍ ചോദിച്ചില്ലേ എന്റെ പ്രതികരണമെടുക്കാന്‍? എനിക്കു പ്രതികരണമില്ല. ഒരു മഹാ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണു ഞാന്‍. വ്യക്തിപരമായ അഭിപ്രായമായി ആരെങ്കിലും പറഞ്ഞാല്‍ അതൊരു യുവജനസംഘടനയുടെ അഭിപ്രായമായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച മാധ്യമപ്രവര്‍ത്തകരോട് എനിക്ക് ഒന്നേ പറയാനുള്ളു, ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും.’

നിങ്ങള്‍ക്കു വേറെ വാര്‍ത്തയൊന്നുമില്ലേ കൊടുക്കാന്‍? ഷെയിം. പിറ്റി ഓണ്‍. കാരണമെന്താ? ഒന്നോ രണ്ടോ വ്യക്തികള്‍ എന്തോ അഭിപ്രായം പറഞ്ഞു. അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു എന്നു പറഞ്ഞ് എത്ര മാധ്യമങ്ങളാ. നിങ്ങള്‍ മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്ന ആളല്ല ഞാന്‍. നിങ്ങള്‍ എന്തു വേണേല്‍ ചെയ്‌തോ. എന്റെ പ്രസ്ഥാനമാണ് എന്നെ കൈപിടിച്ചുയര്‍ത്തി ഈ നിലയിലെത്തിച്ചിട്ടുള്ളത്. ഒരിക്കല്‍ക്കൂടി ഞാന്‍ പറയുന്നു, ഇതിനെക്കാള്‍ നല്ലത് വേറെ വല്ല പണിക്കും പോകുന്നതാണ്. തെരുവില്‍ ശരീരം വിറ്റു നടക്കുന്ന പാവപ്പെട്ട സ്ത്രീകളുണ്ട്. മറ്റു മാര്‍ഗമൊന്നുമില്ലാത്തതുകൊണ്ട്. അവരുടെ കാല് കഴുകി വെള്ളം കുടിക്കുന്നതാണ് ഈ പണിക്കു പോകുന്നതിനെക്കാള്‍ നല്ലത്. വളരെ വേദനയുള്ളതു കൊണ്ട് പറയുന്നതാണ്.’ എംഎല്‍എയുടെ പ്രതികരണത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ സിപിഎം പ്രതികരിച്ചു. പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത പരാമര്‍ശമാണ് എംഎല്‍എയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണം. അതിനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കരുത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്ന് നാസര്‍ പറഞ്ഞു.

pathram:
Related Post
Leave a Comment