യുവരാജിന്റെയും ഹര്‍ഭജന്റെയും സഹായം തേടി പാക് താരം

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് പിന്തുണ നല്‍കി കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്ങിന്റെയും ഹര്‍ഭജന്‍ സിങ്ങിന്റെയും സഹായം തേടി പാക്കിസ്ഥാനില്‍ നിന്ന് മറ്റൊരു താരം കൂടി രംഗത്ത്. പാക്കിസ്ഥാന്റെ മുന്‍ താരമായിരുന്ന ഡാനിഷ് കനേറിയയാണ് ട്വിറ്ററിലൂടെ ഇരുവരുടെയും സഹായം തേടിയത്. ഭക്ഷണം നിഷേധിക്കപ്പെടുന്ന പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും സഹായമെത്തിക്കാന്‍ മുന്‍കയ്യെടുക്കണമെന്നാണ് ഇരുവരോടുമുള്ള കനേറിയയുടെ അഭ്യര്‍ഥന. ഇരുവരും കനേറിയയുടെ ട്വീറ്റിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ ദേശീയ ടീമില്‍ അംഗമായിട്ടുള്ള അപൂര്‍വം ന്യൂനപക്ഷ വിഭാഗക്കാരിലൊരാളാണ് 39കാരനായ ഡാനിഷ് കനേറിയ. 61 ടെസ്റ്റുകളിലും 18 ഏകദിനങ്ങളിലും കനേറിയ പാക്കിസ്ഥാന്‍ ജഴ്‌സിയണിഞ്ഞു. ടെസ്റ്റില്‍ 161 വിക്കറ്റും ഏകദിനത്തില്‍ 15 വിക്കറ്റും നേടിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിനെതിരെ പലകുറി രംഗത്തു വന്നിട്ടുള്ളയാളാണ് ഇദ്ദേഹം. അതിന്റെ പേരില്‍ വിവാദങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കനേറിയ യുവരാജിനെയും ഹര്‍ഭജനെയും സമീപിച്ചത്.

പാക്കിസ്ഥാനില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കായും ഒരു വിഡിയോ ചെയ്യാന്‍ യുവരാജ് സിങ്ങിനോടും ഹര്‍ഭജന്‍ സിങ്ങിനോടും അഭ്യര്‍ഥിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ സന്നിഗ്ധ ഘട്ടത്തില്‍ അവര്‍ക്കും നിങ്ങളുടെ സഹായം വേണം’ – കനേറിയ ട്വീറ്റ്‌ െചയ്തു.

pathram:
Related Post
Leave a Comment