വീണ്ടും തര്‍ക്കം; യു. പ്രതിഭയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ; തിരിച്ചടിച്ച് എംഎല്‍എ

യു.പ്രതിഭ എംഎല്‍എയ്‌ക്കെതിരെ സംഘടിത ആക്രമണവുമായി കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കള്‍. ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ളവര്‍ എംഎല്‍എയുടെ പ്രവര്‍ത്തനങ്ങളെ കളിയാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണമെന്ന പ്രാദേശിക നേതാവിന്റെ വാട്‌സാപ് സന്ദേശം പുറത്തായതോടെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. സംഭവം വിവാദമായതോടെ ചിലര്‍ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം മിനിസ ജബ്ബാര്‍, ഏരിയ വൈസ് പ്രസിഡന്റ് സാജി ഷാജഹാന്‍ എന്നിവരുടെ ഫെയ്‌സ്ബുക് പേജുകളിലാണ് എംഎല്‍എയ്‌ക്കെതിരായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സാജിദ് ഷാജഹാന്റെ പോസ്റ്റിലെ വരികള്‍: ‘ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് എംഎല്‍എ ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കേണ്ടത് ഈ സാഹചര്യത്തില്‍ അത്യാവശ്യമാണ്.

എംഎല്‍എ വീട്ടില്‍ ഇരുന്നോ. പക്ഷേ, ഓഫിസ് തുറക്കുക… ഫോണിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും സഹായമെത്തിക്കുന്നതിന് പരിമിതികള്‍ ഉണ്ട്…’ എന്നു തുടങ്ങുന്ന പോസ്റ്റില്‍ ‘മെഡിക്കല്‍ സ്‌റ്റോറുകളുടെ പേരുകള്‍ കായംകുളം നിവാസികള്‍ക്കറിയാം. സൗജന്യമായി മരുന്നെത്തിക്കുന്നിടത്താണ് ഒരു ജനപ്രതിനിധിയുടെ വിജയം’ എന്നും എംഎല്‍എയുടെ ‘ഓഫിസ് സ്റ്റാഫുകള്‍ക്ക് ഓഫിസില്‍ വന്നു പ്രവര്‍ത്തിക്കാന്‍ മടിയാണെങ്കില്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍ ഓഫിസില്‍ വന്നു പ്രവര്‍ത്തിക്കാന്‍ തയാര്‍ ആണ്’ എന്നും കളിയാക്കിയിട്ടുണ്ട്.

അതേസമയം തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്കു മറുപടിയായി എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന ചിത്രമിട്ടാണ് യു. പ്രതിഭ പ്രതികരിച്ചത്. ‘ചില കൊടിയ വിഷമുള്ള ഇനം മനുഷ്യര്‍ ലോക്ഡൗണ്‍ കാലത്തെ നമ്മുടെ ഒക്കെ ജോലിയെ വിമര്‍ശിക്കുന്നുവെന്നും വിഷം ചീറ്റുന്നുവെന്നും അറിഞ്ഞു. ആ വിഷസര്‍പ്പങ്ങള്‍ കൊടിയ വിഷം ചീറ്റട്ടെ, നമ്മള്‍ തിരക്കിലാണ്.

വീട്ടിലിരുന്ന് നാട്ടിലെ ജോലി ചെയ്യുന്ന തിരക്കില്‍. മുഖ്യമന്ത്രി പറയുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സദാ ജാഗരൂകരായി. ലോക്ഡൗണ്‍ കഴിയട്ടെ, വാവ സുരേഷിനെ വിളിക്കണം. ചില വിഷസര്‍പ്പങ്ങളെ മാളത്തില്‍ നിന്ന് ഇറക്കാന്‍’ എന്നാണ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ എംഎല്‍എ കുറിച്ചത്. എംഎല്‍എ ഇന്നലെ മണ്ഡലത്തിലും എത്തി.

pathram:
Leave a Comment