കൊറോണയ്ക്കിടെ വന്‍ ക്രൂരത; നഴ്‌സുമാരെ പിരിച്ചുവിട്ടു; ശമ്പളം വെട്ടിക്കുറച്ചു

തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ ഉള്ള എസ്‌കെ ആശുപത്രിയിലെ 11 നഴ്‌സുമാരോട് ഈ മാസം മുതല്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ്. കൊവിഡ് പശ്ചാത്തലത്തില്‍ അവധിയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. തൊഴിലാളികളെ പിരിച്ചു വിടാനോ ശമ്പളം കുറക്കാനോ പാടില്ലെന്ന കേന്ദ്ര നിര്‍ദേശം നിലനില്‍ക്കെയാണ് എസ്‌കെ ആശുപത്രി മാനേജ്‌മെന്റ് നടപടി.

ആശുപത്രി നടപടിക്കെതിരെ നേഴ്‌സുമാര്‍ ലേബര്‍ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി തങ്ങള്‍ ആശുപത്രിയില്‍ ജോലി ചെയ്ത് വരികയാണെന്നും കൊവിഡ് വന്നതോടെ ആശുപത്രിയില്‍ രോഗികള്‍ കുറഞ്ഞ സാഹചര്യത്തില്‍ തങ്ങളോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആശുപത്രി മാനേജ്‌മെന്റ് നിര്‍ദേശിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ നിര്‍ബന്ധിത അവധി പാടില്ലെന്നും ശമ്പളം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ തങ്ങളെ ആശുപത്രി മാനേജ്‌മെന്റ് പിരിച്ചുവവിടുകയായിരുന്നുവെന്നും പരാതിയില്‍ നേഴ്‌സുമാര്‍ പറയുന്നു.

അതേസമയം, ദിവസ വേതനക്കാര്‍, കരാര്‍ ജീവനക്കാര്‍ എന്ന് പേരു പറഞ്ഞ് വേതനം നിഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആശുപത്രികള്‍ അടക്കമുള്ള എല്ലാ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരഭകരോടും സര്‍ക്കാരിന് ഇതാണ് നിര്‍ദേശിക്കാനുള്ളതെന്നും ഒരു മാസത്തെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ജീവനക്കാര്‍ ആരും പട്ടിണി കിടക്കേണ്ട സ്ഥിതി വരരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment