കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് മദ്യം വി?തരണം ചെയ്യാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജിയിലാണ് കോടതി നടപടി. മദ്യം വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവും ഇതിനോടനുബന്ധിച്ച് ബെവ്‌കോ എംഡി പുറപ്പെടുവിച്ച ഉത്തരവും കോടതി സ്‌റ്റേ ചെയ്തു. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം ലഭ്യമാക്കാമെന്നായിരുന്ന സര്‍ക്കാരിന്റെ ഉത്തരവ്.
ഐഎംഎ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാര്‍ ഉത്തരവിന് എതിരെ രംഗത്തെത്തിയിരുന്നു. നീക്കം ചട്ടവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാരും സൂചിപ്പിച്ചിരുന്നു.
ഇതിനിടെ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം മദ്യം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ എക്‌സൈസ് ഓഫീസുകളില്‍ മദ്യം തേടി ആളുകള്‍ എത്തിരിയിരുന്നു. മദ്യവിതരണത്തെ കുറിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ പാസ് വിതരണം ഉള്‍പ്പെടെ ഒരു നടപടിയും സ്വീകരിക്കാനാവില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ലോക്ക്ഡൗണില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടിയതോടെ സംസ്ഥാനത്ത് മദ്യാസക്തി മൂലം ആറു പേര്‍ ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിത അളവില്‍ മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എക്‌സൈസ് ഓഫീസുകളില്‍ ആളുകള്‍ എത്തിത്തുടങ്ങിയത്.
എറണാകുളം ജില്ലയിലെ വരാപ്പുഴ, അങ്കമാലി ഉള്‍പ്പെടെയുള്ള എക്‌സൈസ് ഓഫീസുകളില്‍ ഡോക്ടറുടെ കുറിപ്പടിയുമായി ആളുകള്‍ എത്തി. എന്നാല്‍, റിട്ടയേര്‍ഡ് ഡോക്ടര്‍മാര്‍, സ്വകാര്യ ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ കുറിപ്പടികള്‍ സ്വീകരിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരം കുറിപ്പടികള്‍ അപ്പോള്‍ തന്നെ മടക്കി.
ഔട്ട്‌ലെറ്റുകള്‍ പൂട്ടിക്കിടക്കുന്നതിനാല്‍ എവിടെനിന്ന് മദ്യം വാങ്ങുമെന്ന കാര്യത്തില്‍ ഉള്‍പ്പെടെ വ്യക്തതയില്ല.
ഇതിനിടെയാണ് ഹൈക്കോടതി സര്‍ക്കാര്‍ നീക്കം സ്‌റ്റേ ചെയ്തത്.