14 ദിവസംകൊണ്ട് കോറോണ ഭേദമാക്കാമെന്ന് ആന്ധ്ര മുഖ്യമന്ത്രി

ഹൈദരാബാദ്: കൊറോണ വൈറസിനെതിരേയുള്ള മരുന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകമാകമാനമുള്ള ശാസ്ത്രജ്ഞര്‍. എന്നാല്‍ കൊറോണയെ കുറിച്ചോര്‍ത്ത് പരിഭ്രാന്തരാവേണ്ടതില്ലെന്നും ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണെന്നുമാണ് ആന്ധ്രമുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.

40000 പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ സാധാരണ പനിയുമായി താരതമ്യം ചെയ്ത് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡി. ‘കൊറോണ ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. 14 ദിവസത്തേക്ക് മരുന്ന് തുടര്‍ച്ചയായി കഴിക്കുകയാണെങ്കില്‍ രോഗം ഭേദമാകും. അതിനാല്‍ തന്നെ പരിഭ്രാന്തരാവേണ്ട കാര്യമില്ല’, എന്നാണ് ജഗന്‍മോഹന്‍ പറഞ്ഞത്.

മാത്രവുമല്ല ചില രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് വരെ രോഗം പിടിപ്പെട്ടിരുന്നെന്നും , പനി മാറിയപോലെ അവര്‍ക്ക് പിടിപെട്ട കോവിഡ് രോഗവും മാറി സുഖം പ്രാപിച്ചെന്നും ജഗന്‍ മോഹന്‍ പറഞ്ഞു. കൊറോണ രോഗം 14 ദിവസം കൊണ്ട് ഭേദമാക്കാമെന്നും അതിന് മരുന്നുണ്ടെന്നുമുള്ളത് വാസ്തവമല്ല. കൊറോണക്കെതിരേയുള്ള വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നും ശാസ്ത്രലോകം. കൊറോണ പിടിപെട്ട ലോകത്തെ 80 ശതമാനം ആളുകളും ചെറിയ രോഗലക്ഷണങ്ങളെ കാണിച്ചിട്ടുള്ളൂ. കൊറോണ ബാധിച്ച 5% പേരാണ് ഗുരുതരാവസ്ഥയിലായത്.

ഇത് തെറ്റിദ്ധരിച്ചാവാം ഇത്ര ഉത്തരവാദിത്വമില്ലാത്ത പ്രസ്താവന മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ജഗന്‍ നടത്തിയത്. 65 വയസ്സിനുമുകളിലുള്ളവരും രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വാസതടസ്സം എന്നിവ നിലവിലുള്ള രോഗികള്‍ക്ക് കോവിഡ് പിടിപ്പെട്ടാല്‍ അത്യന്തം ഗുരുതരാവസ്ഥയിലാകുമെന്നും മരണം വരെ സംഭവിക്കാമെന്നും ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ ഇതുവരെ 87 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1600 കടന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7