കര്‍ണാടകയുടെ ക്രൂരത; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഇന്നലെ മരിച്ചത് മൂന്ന് പേര്‍…

കാസര്‍കോട് മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ മൂന്നു പേര്‍ കൂടി മരിച്ചു. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി എന്നിവരാണ് ഇന്നലെ മരിച്ചത്. ഇതോടെ കര്‍ണ്ണാടകയുടെ അതിര്‍ത്തി നിയന്ത്രണത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി.

അടിയന്തിര ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് മൂന്നു ദിവസത്തിനിടെയാണ് മഞ്ചേശ്വരത്ത് അഞ്ച് മരണം സംഭവിച്ചത്. നാല്‍പ്പത്തൊന്‍പതുകാരനായ മാധവ വൃക്കരോഗിയായിരുന്നു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്ന മാധവ ഡയാലിസിസിനായി രണ്ടു ദിവസം മുന്‍പ് ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും തലപ്പാടിയില്‍ വെച്ച് കര്‍ണ്ണാടക പൊലീസ് തിരിച്ചയച്ചു.

ഗുരുതരാവസ്ഥയിലായ മാധവ വൈകിട്ടോടെയാണ് മരണപ്പെട്ടത്. സന്ധ്യയോടെയാണ് അറുപതുകാരിയായ ആയിഷയെ ശ്വാസ തടസ്സം അനുഭപ്പെട്ടതിനെ തുടര്‍ന്ന് ഉപ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഗുരുതരാവസ്ഥയിലായതു കാരണം മംഗളൂരുവിലേക്ക് റഫര്‍ ചെയ്‌തെങ്കിലും തലപ്പാടിയിലെത്തിയപ്പോള്‍ ആംബുലന്‍സില്‍ വെച്ച് ആയിഷ മരണപ്പെട്ടു. രണ്ടു വൃക്കകളും തകരാറിലായിരുന്ന ഉപ്പള ചെറുഗോളിയിലെ 63 കാരനായ അബ്ദുല്‍ അസീസ് ഹാജി വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്കുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്. മംഗളൂരുവിലേക്ക് പോകാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കോഴിക്കോടേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം എഴുപതുകാരിയായ പാത്തുമ്മയെന്ന സ്ത്രീയും, രണ്ടു ദിവസം മുന്‍പ് തുമിനാട് സ്വദേശിയായ അബ്ദുള്‍ ഹമീദും മരണപ്പെട്ടിരുന്നു.

pathram:
Leave a Comment