കൊറോണ: ഇബ്രാഹിം കുഞ്ഞിന് ആശ്വാസം…

കൊച്ചി: പെതുമരാമത്ത് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സ് താത്കാലികമായി നിര്‍ത്തിവച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് തീരുമാനം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ കേസന്വേഷണം പുനരാരംഭിക്കും.

അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ ഈമാസം വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കേസില്‍ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന് സര്‍ക്കാര്‍ അനുമതി തേടിയ ശേഷം രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്.

കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് പോകുമെന്ന് കരുതിയ ഘടത്തിലാണ് കൊറോണ രാജ്യത്താകമാനം പടര്‍ന്ന് പിടിച്ചത്. നേരത്തെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരന്നെങ്കിലും അത്തരം ഒരു നടപടിയിലേയ്ക്ക് പോയിരുന്നില്ല.

pathram:
Related Post
Leave a Comment