വെറുതേ ആക്ഷേപിക്കരുത്…, കൊറോണ വൈറസ് ചൈന ഉണ്ടാക്കിയതല്ല; ഇന്ത്യയ്ക്ക് നന്ദി..!!!

കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ചൈന രംഗത്ത്. ചൈന കൊറോണ വൈറസിനെ സൃഷ്ടിക്കുകയോ ബോധപൂര്‍വ്വം വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോങ്. ഇത് ചൈനയെ കുറ്റപ്പെടുത്താനോ ചൈനീസ് ജനതയെ അപമാനിക്കാനോ ഉള്ള സമയമല്ല. മഹാമാരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് വേണ്ടതെന്നും ജി റോങ് പറഞ്ഞു.

വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കിയ സഹായങ്ങള്‍ക്കു ചൈന നന്ദി അറിയിക്കുകയും ചെയ്തു. മാസ്‌ക്, ഗ്ലൗ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി 15 ടണ്‍ അടിയന്തര ആവശ്യത്തിനുള്ള വസ്തുക്കളാണ് ഇന്ത്യ വുഹാനില്‍ എത്തിച്ചിരുന്നത്. കോറോണ വൈറസിനെ പറ്റി പ്രതിപാദിക്കുമ്പോള്‍ ചൈനീസ് വൈറസ് എന്ന് ഉപയോഗിക്കരുതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യന്ത്രി എസ്. ജയശങ്കറിനോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് വൈറസ് എന്ന് മുദ്രകുത്തുന്നത് അപമാനകരമാണ്. എന്നാല്‍ ഇന്ത്യ അത്തരത്തില്‍ മുദ്രകുത്തില്ലെന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഉറപ്പു നല്‍കിയതായി ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സണ്‍ വെയ്‌ഡോങ് അറിയിച്ചു.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയുമായി എല്ലാ തരത്തിലും സഹകരിക്കുമെന്നും കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിക്കുമെന്നും വൈറസിനെ തുരത്താനുള്ള എന്ത് സഹായവും ഇന്ത്യക്കു നല്‍കാന്‍ തയാറാണെന്നും ചൈന അറിയിച്ചു. കൊറോണ വൈറസിനെ ചൈനയുമായും വുഹാനുമായും ചേര്‍ത്ത് പറയരുതെന്നു ലോകാരോഗ്യ സംഘടനയും നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയത് വുഹാനിലാണെങ്കിലും അതിന്റെ ഉത്ഭവം എവിടെയാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യാന്തര തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൊറോണ വൈറസിനെ ചെറുക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ലോക ആരോഗ്യ സംഘടനയുള്‍പ്പെടെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പേരില്‍ ചൈനയെ അധിക്ഷേപിക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ലെന്നുമാണ് ചൈനയുടെ നിലപാട്.

pathram:
Leave a Comment