കൊറോണയ്ക്കിടെ കൊള്ള; ഹോം ഡെലിവറിക്ക് 15 രൂപ സര്‍വീസ് ചാര്‍ജ്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടെ ആണ് ഹോം ഡെലിവറിയില്‍ കൊള്ളയടി തുടരുന്നത് പുറത്തറിഞ്ഞത്. സംഭവം ഇതാണ്. മില്‍മ പാല്‍ മൊബൈല്‍ ആപ്പുവഴി പാല്‍ വീട്ടിലെത്തിക്കുന്നതിന് അധികം ഈടാക്കിയത് 15 രൂപ. ഒടുവില്‍ സംഭവം വാര്‍ത്തയായപ്പോള്‍ എല്ലാം കോംപ്രമൈസാക്കി. ഈടാക്കിവന്ന 15 രൂപ സര്‍വീസ് ചാര്‍ജ് മില്‍മ പിന്‍വലിച്ചു. കോവിഡിനെ തുടര്‍ന്ന് മൊബൈല്‍ വഴി പാല്‍ വാങ്ങുന്നത് വര്‍ധിച്ച സാഹചര്യത്തില്‍, സര്‍വീസ് ചാര്‍ജ് ചുമത്തിയത് വാര്‍ത്തയായിരുന്നു. എഎം നീഡ്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് പാല്‍ വില്‍പ്പന. കൊള്ളലാഭമാണ് ഇതിലൂടെ കുറച്ചുദിവസംകൊണ്ട് പിരിച്ചെടുത്തത്.

മൊബൈല്‍ ആപ് വഴി തിരുവനന്തപുരത്തും കൊച്ചിയിലും സൗജന്യമായിട്ടായിരുന്നു മില്‍മ നേരത്തെ പാല്‍ വിതരണം ചെയ്തിരുന്നത്. കോവിഡ് ഭീതി വ്യാപിച്ചതോടെ മൊബൈല്‍ ആപ് വഴിയുള്ള പാല്‍വില്‍പ്പനയും ഉയര്‍ന്നു. നിലവില്‍ നാലായിരം പേരാണ് ആപ് വഴി പാല്‍ വാങ്ങുന്നത്. ഇടപാടുകാരുടെ എണ്ണം കൂടിയതോടെ ഒരാഴ്ച മുന്‍പാണ് എഎം നീഡ്‌സ് ഒരു ഇടപാടിന് 15 രൂപ സര്‍വീസ് ചാര്‍ജ് ചുമത്തി തുടങ്ങിയത്. ഇത് ഉടന്‍ തന്നെ വാര്‍ത്തയായത് ജനങ്ങളെ കൊള്ളയടിക്കലില്‍നിന്നും രക്ഷിച്ചു. മില്‍മ ചെയര്‍മാന്‍ അടിയന്തരമായി ഇടപെട്ട് സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയെന്നാണ് അറിയുന്നത്.

എഎം നീഡ്‌സ് അധികൃതരെ വിളിച്ച് സര്‍വീസ് ചാര്‍ജ് പിന്‍വലിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. ഇതോടെ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്താന്‍ എഎം നീഡ്‌സ് ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഹോര്‍ട്ടികോര്‍പ് വഴി പച്ചക്കറിയടക്കം വിതരണം ചെയ്യുന്ന സാഹചര്യത്തിലേ സര്‍വീസ് ചാര്‍ജ് ചുമത്താവൂ എന്ന് നിര്‍ദേശിച്ചിരുന്നെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.

pathram:
Leave a Comment