കൊറോണ; ചൈന 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

വാഷിങ്ടന്‍ : കൊറോണ മഹാമാരിയില്‍ ചൈനയ്‌ക്കെതിരെ നിയമനടപടിയുമായി യുഎസ്സിലെ ചില സംഘടനകള്‍. 20 ട്രില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ലോകമാകെ 3,82,000 ലേറെ പേരെ ബാധിക്കുകയും 16,500 ലേറെ പേരുടെ ജീവനെടുക്കുകയും ചെയ്തത് ചൈന കാരണമാണെന്നാണ് ആരോപണം. വാഷിങ്ടന്‍ കേന്ദ്രീകരിച്ചുള്ള അഭിഭാഷക സംഘടന ഫ്രീഡം വാച്ച്, ഹൈസ്‌കൂള്‍ സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയില്‍ സ്പഷലൈസ് ചെയ്ത ടെക്‌സസ് കമ്പനി ബസ് ഫോട്ടോസ് എന്നിവരാണു ടെക്‌സസ് കോടതിയെ സമീപിച്ചത്. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈന

അനധികൃത ജൈവായുധമായി ചൈനീസ് സര്‍ക്കാരാണു കൊറോണ വൈറസിനെ സൃഷ്ടിച്ചതെന്നും രോഗം പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയാണു വൈറസിനെ പുറത്തുവിട്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ശത്രുക്കളായി കാണുന്നവര്‍ക്കെതിരെ ഉപയോഗിക്കാനായി അവര്‍ തയാറാക്കിയ വൈറസ് മുന്നൊരുക്കമില്ലാതെ, അപ്രതീക്ഷിത സമയത്താണു പുറത്തുവിട്ടത്. യുഎസിലെ ജനങ്ങളാണു പ്രധാനലക്ഷ്യമെങ്കിലും അതില്‍മാത്രം ഒതുങ്ങതായിരുന്നില്ല ആക്രമണം.

ഹൃദയശൂന്യവും വീണ്ടുവിചാരം ഇല്ലാത്തതും ഹീനവുമായ പ്രവൃത്തിയാണിത്. ചൈനീസ് ജനത നല്ലവരാണ്, എന്നാല്‍ അവിടത്തെ സര്‍ക്കാര്‍ അങ്ങനെയല്ല. അവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കോവിഡിനെതുടര്‍ന്നു സ്‌കൂളുകള്‍ അടച്ചതും കായിക പരിപാടികള്‍ റദ്ദാക്കിയതും മൂലം കഴിഞ്ഞയാഴ്ച 50,000 ഡോളര്‍ നഷ്ടമുണ്ടായതായി ബസ് ഫോട്ടോസ് ചൂണ്ടിക്കാട്ടി. ആക്ടിവിസ്റ്റും അഭിഭാഷകനുമായ ലാറി ക്ലേമാന്‍ മുഖേനെയാണു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനയ്‌ക്കെതിരെ നിലപാട് എടുത്തിരുന്നു. കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിക്കണമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. കോവിഡിനെപ്പറ്റി ‘തെറ്റായ വിവരങ്ങള്‍’ പ്രചരിപ്പിക്കുന്ന റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളെ കഴിഞ്ഞദിവസം യുഎസ് വിമര്‍ശിച്ചു. കോവിഡ് വ്യാപനം തടയാന്‍ അമേരിക്ക സ്വീകരിക്കുന്ന നടപടികളെ താഴ്ത്തിക്കെട്ടുന്ന സമീപനമാണ് ഈ രാജ്യങ്ങളുടേതെന്നാണു സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ കുറ്റപ്പെടുത്തിയത്.

വ്യാജവിവരങ്ങളില്‍ ചിലതു സര്‍ക്കാരുകളും മറ്റുള്ളവ വ്യക്തികളുമാണു പ്രചരിപ്പിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ റഷ്യ, ചൈന, ഇറാന്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി അമേരിക്കയ്‌ക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്നും പോംപെയോ പറഞ്ഞു. യുഎസില്‍ നേരത്തേയുണ്ടായ ചില ഇന്‍ഫ്‌ലുവന്‍സ മരണങ്ങള്‍ കോവിഡ് മൂലമാണെന്നു തെളിഞ്ഞതായി ചൈനീസ് വിദേശകാര്യ വക്താവ് ലിജിയാന്‍ സാവോ ആരോപിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പേരില്‍ അധിക്ഷേപിക്കാനുള്ള യുഎസ് ശ്രമമാണിതെന്നാണു ചൈന കരുതുന്നത്.

pathram:
Related Post
Leave a Comment