ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നു

അസുന്‍സ്യോന്‍: വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ ആശാരിപ്പണി പഠിക്കുന്നു. ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇഎസ്പിഎന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒഴിവുസമയത്ത് സഹതടവുകാര്‍ക്ക് ഫുട്‌ബോള്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാനും സൂപ്പര്‍താരം സമയം കണ്ടെത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ഒരേയൊരു കാര്യം മാത്രം ജയിലില്‍ താരത്തിന് അന്യമാണ്. സംഗീതം. സംഗീതോപകരണങ്ങളൊന്നും ജയിലില്‍ അനുവദിക്കാത്തതിനാല്‍ പാട്ടും കച്ചേരിയുമൊന്നും നടക്കുന്നില്ലെന്നു പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഈ മാസം നാലിനാണ് പാരഗ്വായ് തലസ്ഥാനമായ അസുന്‍സ്യോനിലെ ആഡംബര ഹോട്ടലില്‍നിന്ന് റൊണാള്‍ഡീഞ്ഞോയെയും സഹോദരനും താരത്തിന്റെ ബിസിനസ് മാനേജരുമായ റോബര്‍ട്ടോ ഡി അസീസിനെയും വ്യാജ പാസ്‌പോര്‍ട്ടുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസത്തിനുശേഷം ജയിലിലടച്ച ഇരുവര്‍ക്കും അതിനുശേഷം പുറത്തിറങ്ങാനായിട്ടില്ല. പലതവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുതടങ്കലിലേക്കു മാറാനും ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ജയില്‍ വാസം മൂന്നാഴ്ച പൂര്‍ത്തിയാകാനിരിക്കെയാണ് ജയില്‍ചട്ടമനുസരിച്ച് താരം ആശാരിപ്പണി പഠിക്കുന്ന കാര്യം പുറത്തുവന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ 40-ാം ജന്മദിനവും ജയിലിലാണ് ആഘോഷിച്ചത്.

എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്ന താരത്തെ സഹതടവുകാര്‍ക്കും പ്രിയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടയ്ക്ക് സഹതടവുകാര്‍ക്കൊപ്പം ജയിലില്‍ ഫുട്‌സാല്‍ മത്സരം കളിക്കാനും താരം സന്നദ്ധനായി. ഇപ്പോഴും ദിവസേന ഫുട്‌ബോള്‍ കളിക്കാനും താല്‍പര്യമുള്ള സഹതടവുകാര്‍ക്ക് ഫുട്‌ബോള്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ താരം സമയം കണ്ടെത്തുന്നുണ്ട്. ഇവരില്‍ ചില കടുത്ത ആരാധകര്‍ വസ്ത്രത്തിലും തൊപ്പിയിലുമെല്ലാം സൂപ്പര്‍താരത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്നതും പതിവുകാഴ്ചയാണത്രേ.

ജയിലില്‍ റൊണാള്‍!!ഡീഞ്ഞോയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടിവിയും ശീതീകരണ സംവിധാനവുമുള്ള സെല്ലിനുള്ളില്‍ ഒറ്റയ്ക്കാണ് താരം താമസം. സഹോദരനും ഇതേ സംവിധാനങ്ങളോടെ തൊട്ടടുത്ത സെല്ലിലുണ്ട്. ബാത് റൂം സൗകര്യം മറ്റു ചില തടവുകാരുമായി പങ്കിടണം. സെല്ലിനുള്ളില്‍ത്തന്നെയാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഫോണ്‍വിളിക്കായി അനുവദിക്കുന്നതില്‍ കൂടുതല്‍ സമയവും അമ്മയുമായി സംസാരിക്കും. അമ്മയുടെ കാര്യത്തിലാണ് താരത്തിന് ഏറ്റവും കൂടുതല്‍ ഉത്കണ്ഠയെന്നാണ് ജയിലില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍

pathram:
Related Post
Leave a Comment