ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നത്

ഞായറാഴ്ച അർധരാത്രിമുതൽ മാർച്ച് 31 അർധരാത്രിവരെ ഇന്ത്യൻ റെയിൽവേയുടെ 13,523 യാത്രാസർവീസുകളും നടത്തില്ല. ചരക്കുതീവണ്ടികൾമാത്രമേ ഇക്കാലയളവിൽ ഓടൂ. യാത്രക്കാർവഴി കൊറോണ വൈറസ് പടരുന്നത് തടയാനാണ് നടപടി. ശനിയാഴ്ചമാത്രം, മൂന്നുസംഭവങ്ങളിലായി 12 തീവണ്ടിയാത്രക്കാർക്കാണ് കൊറോണരോഗബാധ സ്ഥിരീകരിച്ചത്.

പ്രീമിയം തീവണ്ടികൾ, മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, വിവിധനഗരങ്ങളിലെ സബർബൻ, മെട്രോറെയിൽ, കൊങ്കൺ റെയിൽ എന്നിവയുൾപ്പെടെ മുഴുവൻ യാത്രാസർവീസുകളും നിർത്തിവെച്ചു. ജനതാകർഫ്യൂവിന്റെ ഭാഗമായി ഭൂരിഭാഗം തീവണ്ടികളും വെള്ളിയാഴ്ചയോടെ ഓട്ടം നിർത്തിയിരുന്നു. മാർച്ച് 22-ന് പുലർച്ചെ നാലിനുമുമ്പ് പുറപ്പെട്ടുകഴിഞ്ഞ തീവണ്ടികൾക്ക് അവസാനസ്റ്റേഷൻവരെ തുടരാമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 21 വരെയുള്ള ഏതെല്ലാം തീവണ്ടികൾ റദ്ദാക്കപ്പെട്ടിട്ടുണ്ടോ അതിനെല്ലാം മുഴുവൻ ടിക്കറ്റ് തുകയും തിരികെ ലഭിക്കും. അതായത് റദ്ദാക്കൽനിരക്ക് ഈടാക്കില്ല. സുഗമമായി റീഫണ്ട് ലഭിക്കാൻ സംവിധാനങ്ങളുണ്ടാക്കുമെന്നും റെയിൽവേ അറിയിച്ചു.

കൊച്ചി മെട്രോ സർവീസ് 31 വരെ നിർത്തിവെക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശമനുസരിച്ചാണ് ഈ തീരുമാനമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment