വിദേശത്തുനിന്നെത്തിയ മലയാളികള്‍ അധികൃതരെ അറിയിക്കാതെ വയനാട് ഹോട്ടലില്‍ ഒളിച്ചു താമസിച്ചു

കല്‍പറ്റ: കൊറോണ വ്യാപനത്തിനിടെ വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം പുറത്തുവന്നത്.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളില്‍ ഇവിടെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനയുണ്ട്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.

മറ്റു ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടിലെത്തുന്നയായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ലക്കിടി, ബോയ്‌സ് ടൗണ്‍, നിരവില്‍പുഴ, പേരിയ എന്നിവിടങ്ങളില്‍ പൊലീസ് ആരോഗ്യവകുപ്പ് സംയുക്ത ടീമുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കാനെത്തുന്നവരെ പരിശോധിച്ചു തിരിച്ചയയ്ക്കും. എങ്കിലും ഇന്നുമുതല്‍ വയനാട്ടില്‍ അവശ്യസര്‍വീസുകള്‍ക്കു മുടക്കമുണ്ടാകില്ല.

കടകളെല്ലാം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ തുറന്നുപ്രവര്‍ത്തിക്കും. പച്ചക്കറിക്കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ സാധാരണപോലെ രാവിലെ മുതല്‍ രാത്രി വരെ തുറക്കാനാണു വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ കോളനികളില്‍ നിന്നും കര്‍ണാടകയില്‍ ജോലിക്ക് പോയവരുടെ സ്ഥിതിവിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചു. മൂവായിരത്തോളം കോളനികളാണു ജില്ലയിലുള്ളത്. ഇതില്‍ 530 കോളനികളില്‍ ഇന്നലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 1677 പേര്‍ ജോലിക്ക് പോയതായി കണ്ടെത്തി. ഇതില്‍ 883 പേര്‍ തിരികെയെത്തിയിട്ടുണ്ട്‌

pathram:
Related Post
Leave a Comment