ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം വന്നതോടെ വിവിധ സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. മഹാരാഷ്ട്രയില്‍ അര്‍ബന്‍ മേഖലകളില്‍ മാര്‍ച്ച് 23 മുതല്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കുന്നതു സെക്ഷന്‍ 144 പ്രകാരം സര്‍ക്കാര്‍ നിരോധിച്ചു. അര്‍ബന്‍ മേഖലകളിലായിരിക്കും ഇതു നടപ്പാക്കുകയെന്നു ഉദ്ധവ് താക്കറെ പറഞ്ഞു.
സംസ്ഥാനത്തിനകത്ത് എല്ലാ സ്‌റ്റേറ്റ്– സ്വകാര്യ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. അവശ്യസേവനങ്ങളായ പലചരക്ക് കടകള്‍, പച്ചക്കറികടകള്‍, ബാങ്കുകള്‍, മറ്റു പ്രധാന സാമ്പത്തിക സേവനങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതിയുണ്ടാകും. മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ഈ മാസം 31 വരെ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സാധാരണ, പ്രതിദിനം 80 ലക്ഷത്തോളം േപരാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ സഞ്ചരിക്കുന്നത്.
ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളും ആള്‍ക്കൂട്ടങ്ങളുടെ ഒത്തുചേരലും പൂര്‍ണമായി നിരോധിച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് ഡിഎംആര്‍സി അറിയിച്ചു. നോയിഡ–ഗ്രേറ്റര്‍ നോയിഡ മെട്രോ സര്‍വീസുകളെല്ലാം മാര്‍ച്ച് 31 വരെ റദ്ദാക്കി.
കൊറോണ രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ വീടുകള്‍ അടയാളപ്പെടുത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് രോഗമില്ലെന്നും, ലക്ഷണങ്ങള്‍ കാരണം നിരീക്ഷണത്തിലിരിക്കുന്നുവെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈ വീട്ടുകാരെ ഒറ്റപ്പെടുത്താനും സമ്മതിക്കില്ല. പ്രതിരോധ നടപടി മാത്രമാണിത്. ജനതാ കര്‍ഫ്യൂ രാത്രി 9 മണിക്കു ശേഷവും തുടരാനും തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കര്‍ഫ്യൂ തുടരും.
Leave a Comment