കൊറോണ വ്യാപിക്കുന്നതിനിടെ ഭൂകമ്പം; ജനങ്ങള്‍ വീട് വിട്ട് പുറത്തിറങ്ങി…

ലോകമെങ്ങും കോവിഡ്–19 ഭീതിയില്‍ ക്വാറന്റീന്‍ നിര്‍ദേശം പാലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ക്രൊയേഷ്യയില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പരുക്കേറ്റ ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. മറ്റൊരു കുട്ടിക്കും പരുക്കേറ്റു. ക്രൊയേഷ്യന്‍ തലസ്ഥാനമായ സാഗ്രെബിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണാണ് ഇവര്‍ക്കു പരുക്കേറ്റത്. ഭൂചലനത്തെ തുടര്‍ന്നു തലസ്ഥാനത്തെ ആശുപത്രികളിലും മറ്റിടങ്ങളിലും വൈദ്യുതി തടസ്സമുണ്ടായി. ചിലയിടങ്ങളില്‍ അഗ്‌നിബാധയുണ്ടായി.

ഇനിയും ഭൂചലന സാധ്യതയുള്ളതിനാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്തുതന്നെ തുടരണമെന്നു പ്രധാനമന്ത്രി ആന്ദ്രെ പ്ലെന്‍കോവിച് പറഞ്ഞു. ജനങ്ങള്‍ തെരുവുകളില്‍ തടിച്ചുകൂടി കൊറോണ വൈറസ് വ്യാപനത്തിനു സാഹചര്യമൊരുക്കരുതെന്നു സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. ക്രൊയേഷ്യയില്‍ 206 പേരിലാണു കോവിഡ് രോഗബാധയുണ്ടായത്, ഒരാള്‍ മരിച്ചു. ഈ സാഹചര്യത്തില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ദാവോര്‍ ബോസിനോവിച് പറഞ്ഞു. പകര്‍ച്ചവ്യാധിയും ഭൂചലനവും ഒരുമിച്ചു വരുമ്പോള്‍ അതു കൂടുതല്‍ സങ്കീര്‍ണമാണെന്നും അദ്ദേഹം പറഞ്ഞു.

140 വര്‍ഷത്തിനിടെ ക്രൊയേഷ്യന്‍ തലസ്ഥാനത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്. നഗരത്തിന്റെ ആറു കിലോമീറ്റര്‍ വടക്കായാണു പ്രകമ്പനമുണ്ടായത്. തകര്‍ന്നുവീണ കെട്ടിടത്തിന് അടിയില്‍നിന്നാണ് ഗുരുതരാവസ്ഥയില്‍ 15 വയസ്സുകാരനെ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു തലയില്‍ പരുക്കേറ്റ മറ്റൊരു കുട്ടിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും അഗ്‌നിരക്ഷാസേന പ്രവര്‍ത്തിച്ചുവരികയാണ്.

തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സൈന്യം രംഗത്തിറങ്ങും. പത്ത് സെക്കന്റോളമാണു പ്രകമ്പനം അനുഭവപ്പെട്ടത്. ജനങ്ങള്‍ പുറത്തുതന്നെ തുടരണമെങ്കിലും മറ്റുള്ളവരില്‍ നിന്ന് അകലം പാലിച്ചു നില്‍ക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. സാഹചര്യങ്ങള്‍ സങ്കീര്‍ണമാണ്. കൊറോണ വൈറസ് ഭീഷണിയുള്ളതിനാല്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നില്‍ക്കണമെന്നാണ് ആദ്യം പറഞ്ഞത്. എന്നാലിപ്പോള്‍ വീടുകള്‍ക്കു പുറത്തേക്കുപോകാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു– പ്രധാനമന്ത്രി വ്യക്തമാക്കി.

pathram:
Related Post
Leave a Comment