രാജ്യം കാത്തിരുന്ന നീതി നിറവേറ്റലാണ് കഴിഞ്ഞദിവസം നടന്നത്. നിര്‍ഭയ കേസില്‍ ഏഴു വര്‍ഷത്തിലധികമായി വധശിക്ഷ കാത്തുകിടക്കുന്ന നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഇവിടെ പ്രതികള്‍ക്കായി അവസാന നിമിഷം വരെ പോരാടിയ വക്കീല്‍ പറയുന്നതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
‘ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ മൂന്നോ ദിവസത്തേക്കു വധശിക്ഷ മാറ്റി വയ്ക്കൂ… കോവിഡ് 19 കാരണം കടകള്‍ എല്ലാം അടച്ചു. കുറച്ചു ഫോട്ടോകോപ്പികള്‍ കൂടി എടുക്കാനുണ്ട്. ഇനി രാത്രി ഫോട്ടോകോപ്പി എടുക്കാന്‍ പറ്റില്ല. കുറേ കാര്യങ്ങള്‍ കൂടി എനിക്കു ബോധിപ്പിക്കാനുണ്ട്.’ രാജ്യം നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ കാത്തു നിമിഷങ്ങളെണ്ണി കഴിയുമ്പോള്‍ അഭിഭാഷകന്‍ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി. സിങ് അവരുട ജീവനു വേണ്ടി കോടതിയോടു കെഞ്ചുകയായിരുന്നു.
2013ല്‍ സാകേതിലെ കോടതിമുറിയിലും പുറത്തും നിര്‍ഭയയെ അതിരൂക്ഷമായി ആക്രമിച്ച എ.പി. സിങ് പ്രതികളുടെ വധശിക്ഷയ്ക്കു ശേഷവും നിര്‍ഭയയെയും ഉറ്റവരെയും വാക്കുകള്‍ കൊണ്ട് വല്ലാതെ മുറിവേല്‍പ്പിച്ചു. എന്റെ മകളാണ് രാത്രിയില്‍ ഇപ്രകാരം അഴിഞ്ഞാടി നടക്കുകയും വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെട്ട് കുടുംബത്തെ അപമാനിക്കുകയും ചെയ്തതെങ്കില്‍ തലയിലൂടെ ഒരു കന്നാസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന 2013ല്‍ സാകേത് കോടതി വളപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ ലജ്ജയില്ലാതെ സിങ് ആവര്‍ത്തിച്ചു.
‘ഞങ്ങള്‍ രജപുത്രരാണ്. ബഹുമാനത്തിനു വേണ്ടിയാണു പടവെട്ടുന്നത്. നിങ്ങളുടെ സമ്പത്താണ് നിങ്ങള്‍ക്കു നഷ്ടമാകുന്നതെങ്കില്‍ അതൊരു നഷ്ടമേയല്ല. നിങ്ങളുടെ ആരോഗ്യമാണു നഷ്ടമാകുന്നതെങ്കിലോ അതൊരു നഷ്ടമേയല്ല. എന്നാല്‍ നിങ്ങളുടെ വ്യക്തിത്വമാണു ഹനിക്കപ്പെടുന്നതെങ്കില്‍ അതൊരു തീരാനഷ്ടം തന്നെയാകും’ എ.പി. സിങ് പറഞ്ഞു.
അതിദാരുണമായി പിച്ചിച്ചീന്തി കൊന്നു തള്ളിയ ഒരു പാവം പെണ്‍കുട്ടിയുടെ ഘാതകരെ തള്ളക്കോഴി കുഞ്ഞുങ്ങളെയെന്നപോലെ നെഞ്ചോടു ചേര്‍ക്കുന്നതാണോ നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മിക പോരാട്ടം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു ദാക്ഷിണ്യവും ഇല്ലാത്ത അതിക്രൂരമായ മറുപടി. – ‘രാത്രി ഏറെ വൈകി ആ പെണ്‍കുട്ടി ആ ചെറുപ്പക്കാരനൊപ്പം എന്തു ചെയ്യുകയായിരുന്നുവെന്നതിനു മറുപടി നല്‍കേണ്ടതു പെണ്‍കുട്ടിയുടെ അമ്മയാണ്. അവര്‍ തമ്മില്‍ സഹോദരീ സഹോദര ബന്ധം ആയിരുന്നോ? അവര്‍ രാത്രിയില്‍ രാഖി കെട്ടാന്‍ പോയതാണെന്നു ഞാന്‍ പറയുന്നില്ല. ഈ നഗരത്തിന് ഈ സംസ്‌കാരം പരിഷ്‌കാരം ആയിരിക്കാം, എന്നാല്‍ എനിക്ക് അങ്ങനെയല്ല.
പ്രതികളുടെ വധശിക്ഷ വാര്‍ത്തയറിഞ്ഞ ജനം ആഹ്ലാദനൃത്തം നടത്തി വിളിച്ചത് ഇപ്രകാരമായിരുന്നു– നിര്‍ഭയ സിദാബാദ്, എ.പി.സിങ് മൂര്‍ദാബാദ്. വിഐപി വക്കീല്‍ എന്നറിയപ്പെടുന്ന എ.പി.സിങ് നിര്‍ഭയക്കേസിലെ സാധാരണക്കാരായ പ്രതികള്‍ക്കു വേണ്ടി ഹാജാരായതിനു പിന്നിലുള്ള ലക്ഷ്യം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. അവസാന നിമിഷം വരെ നിര്‍ഭയക്കേസിലെ പ്രതികള്‍ക്കായി തന്റെ ആവനാഴിയിലെ അവസാന അമ്പും തൊടുത്ത് വധശിക്ഷ നീട്ടിവയ്ക്കാന്‍ എ.പി. സിങ് നടത്തിയ ശ്രമങ്ങളെ ലജ്ജാകരമെന്നാണു ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
എ.പി.സിങ്ങിന്റെ നടപടികളെ കോടതി തന്നെ നേരിട്ടു വിമര്‍ശിക്കുന്ന സാഹചര്യം പോലും ഉണ്ടായി. വ്യാഴാഴ്ച രാത്രി ഡിവിഷന്‍ ബെഞ്ച് ജഡ്ജുമാരായ ജസ്റ്റിസ് മന്‍മോഹന്റെയും ജസ്റ്റിസ് സഞ്ജീവ് നരൂലയുടെയും മുന്നിലെത്തിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പ്രതികരണം ഇപ്രാകാരമായിരുന്നു. ‘നിങ്ങളുടെ കക്ഷിയെ ദൈവത്തിന്റെ അടുക്കലെത്തിക്കുന്നതിനു തൊട്ടടുത്താണു ഞങ്ങള്‍. ദയവ് ചെയ്ത് ഞങ്ങളുടെ വിലയേറിയ സമയം നിങ്ങള്‍ പാഴാക്കാതിരിക്കൂ’.
എന്റെ കക്ഷികളെ അടുത്തൊന്നും കഴുമരത്തിലേക്കു പറഞ്ഞയ്ക്കാമെന്നു നിങ്ങള്‍ വ്യാമോഹിക്കണ്ടെന്നായിരുന്നു ജനുവരി 31ന് പട്യാല ഹൗസ് കോടതിയില്‍വച്ച് എ.പി. സിങ് നിര്‍ഭയയുടെ അമ്മ ആശാദേവിയോടു പറഞ്ഞത്. എ.പി. സിങ് തങ്ങള്‍ക്കൊപ്പമുണ്ടെന്ന ധൈര്യമായിരുന്നു രാജ്യാന്തര കോടതിയില്‍ വരെ ഹര്‍ജിയുമായി നീങ്ങാന്‍ നിര്‍ഭയ കേസിലെ പ്രതികളെ പ്രേരിപ്പിച്ചതും.
ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്കു മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റിയ സിങ്, പവന്‍ ഗുപ്ത നല്‍കിയ രണ്ടാം ദയാഹര്‍ജി തള്ളിയതിനെതിരെയാണ് ഇന്നലെ പുലര്‍ച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷന്‍, എ.എസ്.ബൊപ്പണ്ണ എന്നിവരാണു കേസ് പരിഗണിച്ചത്. ദയാഹര്‍ജി തള്ളിയതില്‍ ജുഡീഷ്യല്‍ പരിശോധന പരിമിതമാണെന്നു കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടക്കുമ്പോള്‍ പവന്‍ ഗുപ്തയ്ക്ക് പ്രായപൂര്‍ത്തി ആയില്ലെന്നും ജയിലില്‍ മര്‍ദനമേറ്റതിനെത്തുടര്‍ന്നു നല്‍കിയ പരാതി കര്‍ക്കര്‍ദൂമ കോടതിയില്‍ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി.
ഒടുവില്‍ ശിക്ഷ നടപ്പാക്കുമെന്ന ഘട്ടത്തില്‍ അവസാനമായി ബന്ധുക്കളെ കാണാന്‍ പ്രതിയെ ഒരുവട്ടം കൂടി അനുവദിക്കണമെന്നായിരുന്നു എ.പി. സിങ്ങിന്റെ അപേക്ഷ. എന്നാല്‍ ജയില്‍ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതോടെ കോടതി അതും തള്ളി. രാജ്യത്തെ വ്യവസ്ഥകളുമായാണു പ്രതികള്‍ കളിക്കുന്നതെന്നും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ രണ്ടര വര്‍ഷം വൈകിയതില്‍ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി നീരീക്ഷിക്കുകയും ചെയ്തു.
Leave a Comment