ഗായികയുമായി സമ്പര്‍ക്കം; 96 എംപിമാര്‍ കൊറോണ ഭീതിയില്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂറുമായി ഇടപഴകിയ ദുഷ്യന്ത് സിങ് എംപി സ്വയം ക്വാറന്റീന്‍ ചെയ്തതിനു പിന്നാലെ കനിക കപൂറിനെതിരെ കേസെടുത്തു. വിദേശയാത്രയ്ക്ക് ശേഷം സമ്പര്‍ക്കവിലക്ക് ലംഘിച്ചതിനാണ് അറസ്റ്റ്. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ കനിക ഈ വിവരം മറച്ചു വയ്ക്കുകയായിരുന്നു. ഇതിനു ശേഷം ലക്‌നൗവില്‍ ഇന്റീരിയര്‍ ഡിസൈനറായ ആദില്‍ അഹമ്മദ് സംഘടിപ്പിച്ച പാര്‍ട്ടിയിലും പങ്കെടുത്തു.

ഈ പാര്‍ട്ടിയില്‍ ബിജെപി നേതാവ് വസുന്ധര രാജെയും മകനും എംപിയുമായ ദുഷ്യന്ത് സിങ്ങും പങ്കെടുത്തിരുന്നു. ഇരുവരും ക്വാറന്റീനില്‍ പ്രവേശിച്ചു. മുന്‍കരുതലെന്ന നിലക്ക് താനും മകനും ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്ന് വസുന്ധര ട്വീറ്റ് ചെയ്തു. കനിക സംബന്ധിച്ച അത്താഴവിരുന്നില്‍ പങ്കെടുത്തതിനു പിന്നാലെ ദുഷ്യന്ത് സിങ്ങ് പാര്‍ലമെന്റിലും സെന്‍ട്രല്‍ ഹാളിലും എത്തിയിരുന്നു. രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് 96 എംപിമാരാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്. ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഐസലേഷന്‍ വാര്‍ഡിലാണ് കനിക ഇപ്പോഴുള്ളത്.

രണ്ടു ദിവസം മുന്‍പു രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ദുഷ്യന്ത് സിങ്ങിനൊപ്പം നിരവധി എംപിമാര്‍ പ്രഭാതഭക്ഷണത്തിനായി ഒത്തുകൂടിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍, ഹേമമാലിനി, കോണ്‍ഗ്രസ് എംപി കുമാരി സെല്‍ജ, ബോക്‌സറും രാജ്യസഭാ എംപിയുമായ മേരി കോം തുടങ്ങിയവരാണു പ്രഭാതഭക്ഷണത്തിനായി ഉണ്ടായിരുന്നത്.

ഇവരൊക്കെ സ്വയം ക്വാറന്റീന്‍ ചെയ്യാനുള്ള തീരുമാനത്തിലാണ്. തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍, എഎപി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജിതിന്‍ പ്രസാദാ എന്നിവര്‍ ഐസലേഷനിലാണ്. ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീന്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നു ഡെറക് ഒബ്രയന്‍ പറഞ്ഞു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് എല്ലാ പരിപാടികളും റദ്ദാക്കി. ലക്‌നൗവിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത ശേഷം ദുഷ്യന്ത് സിങ് കണ്ടുമുട്ടിയ എല്ലാവരെയും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

വെള്ളിയാഴ്ചയാണ് കനിക കപൂറിനു കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ലക്‌നൗവില്‍ നടന്ന പാര്‍ട്ടിയെ സംബന്ധിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിട്ടുണ്ട്.

pathram:
Leave a Comment