സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; കൊടുങ്ങല്ലൂര്‍ ഭരണിക്ക് എത്തിയത് 1500 പേര്‍

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഭരണിയോടനുബന്ധിച്ച് ശ്രീകുരുംബക്കാവിലേക്ക് ഭക്തര്‍ എത്തുന്നത് നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ പാളി. വെള്ളിയാഴ്ച രാവിലെ നടന്ന കോഴിക്കല്ല് മൂടല്‍ ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ആയിരത്തഞ്ഞൂറോളം ഭക്തര്‍.

ഇതുസംബന്ധിച്ച് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ചടങ്ങിന്റെ വീഡിയോദൃശ്യങ്ങളും ചിത്രങ്ങളുമടക്കം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭരണി മഹോത്സവം ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നും ഭക്തജനങ്ങളും കോമരക്കൂട്ടങ്ങളും ഒഴിഞ്ഞുനില്‍ക്കണമെന്നും മുഖ്യമന്ത്രിയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡുമടക്കമുള്ളവര്‍ പലവട്ടം അഭ്യര്‍ത്ഥിച്ചിരുന്നു.

കോഴിക്കല്ല് മൂടല്‍ ചടങ്ങില്‍ അവകാശികളായ ഭഗവതി വീട്ടുകാരും, വടക്കന്‍ മലബാറില്‍ നിന്നുള്ള തച്ചോളി തറവാടിനെ പ്രതിനിധാനംചെയ്ത് എത്തുന്നവരും ആളുകളെ കുറച്ചിരുന്നു. വടക്കന്‍ പ്രദേശങ്ങളില്‍നിന്ന് ഏതാനും കോമരങ്ങള്‍ മാത്രമാണ് കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കുമ്പോള്‍ ക്ഷേത്രനടയില്‍ എത്തിയിരുന്നത്.

കോഴിക്കല്ല് മൂടിക്കഴിഞ്ഞാല്‍ അശ്വതി കാവുതീണ്ടല്‍ വരെയാണ് വടക്കന്‍ ജില്ലകളില്‍ നിന്നുള്ള കോമരക്കൂട്ടങ്ങളുടെയും മറ്റു ഭക്തന്‍മാരുടെയും വലിയതോതിലുള്ള വരവ് ആരംഭിക്കുക.

pathram:
Related Post
Leave a Comment