ഒരു കൊറോണ സെല്‍ഫി അപാരത…വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധിക…സംഭവിച്ചത് ഇങ്ങനെ!

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പിടിയിലകപ്പെട്ടിരിക്കുന്നതിനിടെ വിരാട് കോഹ് ലിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാനുള്ള ശ്രമവുമായി ആരാധിക. ലോക വ്യാപകമായി ആളുകള്‍ അതീവ കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിനിടെയാണ്, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമവുമായി ആരാധികയുടെ വരവ്. വിമാനത്താവളത്തില്‍നിന്ന് താരം പുറത്തുവരുന്നതിനിടെയാണ് ഒരു യുവതി സെല്‍ഫിക്കായി അടുത്തുകൂടിയത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിച്ചെത്തിയ കോലി, യുവതിയുടെ ആവശ്യം ഗൗനിക്കാതെ നടന്നുനീങ്ങി. അപ്പോഴേക്കും വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ യുവതിയെ തടയുന്നുമുണ്ട്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അതേസമയം, ഏതു വിമാനത്താവളത്തില്‍വച്ചാണ് സംഭവമെന്നത് വ്യക്തമല്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനായി ധരംശാലയില്‍നിന്ന് ലക്‌നൗവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ധരംശാലയിലെ ഒന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചതിനു പിന്നാലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രണ്ടും മൂന്നും ഏകദിനങ്ങള്‍ ബിസിസിഐ റദ്ദാക്കിയിരുന്നു. എന്നാല്‍, അതിനു മുന്‍പായി ഇന്ത്യന്‍ ടീം ലക്‌നൗവില്‍ എത്തിയിരുന്നു.

അതിനിടെ, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ച് കോലിയും ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയും രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് ഇരുവരുടെയും പ്രതികരണം. ‘കോവിഡ് 19 സൃഷ്ടിക്കുന്ന ഭീഷണിയെ നേരിടാന്‍ ജാഗരൂകരായിരിക്കുക, മുന്‍കരുതലെടുക്കുക, അവബോധം നേടുക. ഉത്തരവാദിത്തമുള്ള പൗരന്‍മാരെന്ന നിലയില്‍, പൊതുജനാരോഗ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ നാം ബാധ്യസ്ഥരാണ്’ – കോലി ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന എല്ലാ മെഡിക്കല്‍ പ്രഫഷനലുകളെയും എടുത്തുപറഞ്ഞേ തീരൂ. വ്യക്തിശുചിത്വം പാലിച്ച് സ്വന്തം കാര്യത്തിലും ചുറ്റുമുള്ളവരുടെ കാര്യത്തിലും കരുതലെടുത്ത് നമുക്ക് അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം’ – മറ്റൊരു ട്വീറ്റില്‍ കോലി കുറിച്ചു. ഇതിനു പിന്നാലെ ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം കോവിഡിനെതിരായ ബോധവല്‍ക്കരണവുമായി ഒരു ലഘുവിഡിയോയും കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തോട് ചേര്‍ന്നുനിന്ന് മാര്‍ച്ച് 22ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഒന്‍പതു വരെ ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ നമുക്ക് കൈകള്‍ കോര്‍ക്കാം. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ ഏറ്റവുമധികം സംയമനം പാലിക്കേണ്ട സമയമാണിത്’ – രവി ശാസ്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളായ രവിചന്ദ്രന്‍ അശ്വിന്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, അജിന്‍ക്യ രഹാനെ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ് തുടങ്ങിയവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ചും ജനതാ കര്‍ഫ്യൂ എന്ന നിര്‍ദ്ദേശം പാലിക്കാന്‍ ആരാധകരെ ആഹ്വാനം ചെയ്തും ട്വിറ്ററിലൂടെ രംഗത്തെത്തി.

pathram:
Leave a Comment