ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുക..? യുകെ പൗരന്റെ ഫലം വന്നത് ഇന്നലെ; ആംബുലൻസ് എത്തുംമുൻപ് റിസോർട്ടിൽ നിന്ന് കടന്നു ; പിടികൂടിയത് വിമാനത്തിൽ നിന്ന്

കൊച്ചി: മൂന്നാറിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ ബ്രിട്ടിഷ് പൗരന് ഇന്നലെ വൈകിട്ടുതന്നെ കോവി‍ഡ് 19 സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി മൂന്നാർ കെടിഡിസി ടീ കൗണ്ടി റിസോർട്ടിൽ എത്തും മുൻപ് ഇയാൾ അടങ്ങുന്ന 19 അംഗ സംഘം അവിടം വിട്ടിരുന്നു. തിരിച്ചിലിനൊടുവിൽ കണ്ടെത്തിയപ്പോഴേയ്ക്കും വിമാനത്തിൽ കയറിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് വിമാനം യുകെ സംഘത്തെ ഒഴിവാക്കി ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു. രോഗബാധിതനെയും ഭാര്യയെയും ആശുപത്രിയിലേക്കു മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവർ നിരീക്ഷണത്തിലാണ്. രോഗബാധിതൻ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയെന്നായിരുന്നു ആദ്യം ലഭ്യമായ വിവരം. അതു ശരിയല്ലെന്ന് സിയാൽ അധികൃതർ പിന്നീട് അറിയിച്ചു. വിമാനത്താവളം അടച്ചിടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.

19 അംഗ സംഘം ഒഴികെയുള്ള യാത്രക്കാരെ കൊണ്ടുപോകാൻ വിമാനക്കമ്പനി തയാറാകുകയായിരുന്നു. ഒരു യാത്രക്കാരൻ സ്വമേധയാ യാത്രയിൽ നിന്നൊഴിവായി. ബ്രിട്ടിഷ് പൗരൻ പോയവഴികളും വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയായി. ജില്ലാ കലക്ടർ എസ്. സുഹാസ്, മന്ത്രി സുനിൽ കുമാർ എന്നിവർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മൂന്നാറിൽ അവധി ആഘോഷത്തിനെത്തിയ 19 അംഗ സംഘത്തിലുൾപ്പെട്ടയാളാണു യുകെ പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. ക്വാറന്റീനിൽ ആയിരുന്ന ഇയാൾ അധികൃതരെ അറിയിക്കാതെയാണ് സംഘത്തോടൊപ്പം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ദുബായിലേക്കുള്ള വിമാനമായിരുന്നു ലക്ഷ്യം. ഇയാൾ നിരീക്ഷണത്തിലുള്ളയാളാണെന്നു തിരിച്ചറിയാതെ അധികൃതർ വിമാനത്തിൽ കയറ്റിവിടുകയും ചെയ്തു.

സ്രവപരിശോധനാ ഫലത്തിൽ ഇയാളുടേത് പോസിറ്റീവാണെന്നു കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ വിമാനത്തിൽ കയറിയെന്നു കണ്ടെത്തിയത്. തുടർന്ന് തിരിച്ചിറക്കി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേ സമയം യുകെയിൽ നിന്നുള്ള സംഘം മൂന്നാറിൽനിന്ന് അനുമതിയില്ലാതെ കൊച്ചിയിലെത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. ആരോഗ്യം, ടൂറിസം വകുപ്പുകളോടും പൊലീസ് മേധാവിയോടും കലക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment