കൊറോണയെക്കേള്‍ ഭീകരം…!!!

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ ഇടിഞ്ഞതു മൂലം ഇന്ധനത്തിനു വില കുറയ്‌ക്കേണ്ടതായിരുന്നു. ഇതാണ് കൂട്ടിയ എക്‌സൈസ് തീരുവയായി കേന്ദ്രസര്‍ക്കാര്‍ എടുക്കുക. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 33 ഡോളര്‍ എന്ന നിലവാരത്തിലെത്തിയിട്ടും ഉപയോക്താക്കള്‍ക്ക് ഇതുവരെ കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന സര്‍ക്കാര്‍ കൊടുംക്രൂരതയാണ് ചെയ്യുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

അസംസ്‌കൃത എണ്ണവിലയിലുണ്ടായ കാര്യമായ ഇടിവിന്റെ തോതനുസരിച്ച് എണ്ണവില 10-15 രൂപ കുറയേണ്ടതാണ്. എന്നാല്‍ പെട്രോള്‍വില കുറഞ്ഞത് 74 പൈസ. ഡീസല്‍ വില കുറഞ്ഞത് 72 പൈസ. ജനുവരി ഒന്നിന് പെട്രോളിന് 77.19 രൂപയായിരുന്നു വില. ഡീസലിന് 71.79 പൈസയും. രണ്ടര മാസത്തിനുള്ളില്‍ അസംസ്‌കൃത എണ്ണവിലയില്‍ 45 ശതമാനത്തോളം ഇടിവുണ്ടായിട്ടും പെട്രോള്‍ വിലയില്‍ ഇതുവരെ കുറഞ്ഞത് 5.39 രൂപ. ഡീസല്‍ വിലയില്‍ 5.69 രൂപയും.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയാണ് ഇന്ധനവില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ പ്രധാന മാനദണ്ഡമാക്കുന്നത്. രണ്ടാമതായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയും (പെട്രോളും ഡീസലും ഇപ്പോഴും ജിഎസ്ടിക്കു പുറത്താണ്). ഇന്ധനം ഉപയോക്താക്കളില്‍ എത്തുമ്പോള്‍ ഡീലര്‍മാരുടെ കമ്മിഷനും മൂല്യവര്‍ധിത നികുതിയും കൂടി നല്‍കണം. കേന്ദ്ര, സംസ്ഥാന നികുതികള്‍ വളരെ കൂടുതലായതിനാലാണ് വില ആനുപാതികമായി കുറയാത്തത്.

ഇന്ധനനികുതിയാണ് സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സ്. 100 ശതമാനത്തിനു മുകളിലുള്ള നിലവിലെ നികുതി വീണ്ടും ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വില കൂട്ടിയില്ലെങ്കിലും വിലയിടിവിന്റെ പ്രയോജനം ജനങ്ങളിലെത്താനുള്ള സാധ്യത കുറയ്ക്കും. കൂടാതെ ബിഎസ് 6 ഇന്ധനം ഉല്‍പാദിപ്പിക്കുന്നതിനായി റിഫൈനറികള്‍ പരിഷ്‌ക്കരിക്കുന്നതിന് കമ്പനികള്‍ക്ക് 35,000 കോടി ചെലവു വന്നിരുന്നു. ഇതും എണ്ണവിലക്കുറവിന്റെ നേട്ടം ജനങ്ങളിലെത്താതിരിക്കാന്‍ കാരണമാകും.

pathram:
Leave a Comment