കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍

ഭോപാല്‍: കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന്് ഗവര്‍ണര്‍. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അറിയിച്ചു. ഭരണഘടനയുടെ അനുച്ഛേദം 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി.

ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി. സംഘം ശനിയാഴ്ച ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ കണ്ടിരുന്നു. 22 എം.എല്‍.എ.മാര്‍ രാജിവെച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് തുടര്‍ന്നുഭരിക്കാന്‍ ഭരണഘടനാപരമായ അവകാശമില്ലെന്നും ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.

ഇതിന് പിന്നാലെ ഇന്നലെ രാത്രി 12 മണിയോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് തേടണമെന്നുള്ള കത്ത് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മുഖ്യമന്ത്രി കമല്‍നാഥിനാണ് കത്ത് കൈമാറയിരിക്കുന്നത്. ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യത്തില്‍ ബിജെപിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്നും അതിനാല്‍ തന്നെ തിങ്കളാഴ്ച സഭ ചേരുമ്പോള്‍ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും മൂന്ന് പേജുള്ള കത്തില്‍ പറയുന്നു.

മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കളുടെ സംഘമാണ് ഗവര്‍ണറെ കണ്ടത്. തിങ്കളാഴ്ചയ്ക്കുമുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ചൗഹാന്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഭൂരിപക്ഷം തെളിയിക്കാതെ ബജറ്റ് സമ്മേളനം തുടങ്ങുന്നതിനു ന്യായീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ 22 വിമത എം.എല്‍.എ.മാരില്‍ ആറുപേരുടെ രാജി സ്പീക്കര്‍ എന്‍.പി. പ്രജാപതി ശനിയാഴ്ച സ്വീകരിച്ചിരുന്നു. തുളസി സിലാവത്, ഗോവിന്ദ് സിങ് രാജ്പുത്, പ്രഭുറാം ചൗധരി, ഇര്‍മതി ദേവി, പ്രദ്യുമന്‍ സിങ് തോമര്‍, മഹേന്ദ്ര സിങ് സിസോദിയ എന്നിവരുടെ രാജിയാണ് സ്വീകരിച്ചത്. ഞായറാഴ്ചയോടെ തന്റെ മുമ്പില്‍ നേരിട്ടെത്താന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ എന്‍.പി. പ്രജാപതി വിമതര്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. എം.എല്‍.എ.മാര്‍ സ്പീക്കറെ കാണാന്‍ എത്തിയില്ലെങ്കില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നാണ് ഭരണകക്ഷിയിലെ ഏതാനും അംഗങ്ങളുടെ ആവശ്യം.

pathram:
Related Post
Leave a Comment