ദോഹ: ഖത്തര്‍ റസിഡന്റ് കാര്‍ഡിന്റെ കാലാവധി കഴിഞ്ഞവര്‍ക്കു നിലവിലെ പ്രവേശന വിലക്ക് നീങ്ങിയാല്‍ ഉടന്‍ രാജ്യത്തേക്കു പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം. ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്റേതാണു പ്രഖ്യാപനം. കോവിഡ്–19നെതിരെയുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തറിലേക്കു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണു പുതിയ തീരുമാനം തൊഴില്‍ മന്ത്രാലയം കൈക്കൊണ്ടത്. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ക്കു പുതിയ തീരുമാനം ആശ്വാസമാകും.
ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്ക് മാത്രമല്ല രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള കാലാവധി 6 മാസം കഴിഞ്ഞവര്‍ക്കും വിലക്ക് നീങ്ങിയാല്‍ ഉടന്‍ ഖത്തറില്‍ മടങ്ങിയെത്താം. രാജ്യത്തെ തൊഴില്‍ നിയമ പ്രകാരം ഖത്തര്‍ ഐഡി കാലാവധി കഴിഞ്ഞവര്‍ക്കും 6 മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുനിന്നവര്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ നിലവിലെ കോവിഡ്–19 സാഹചര്യത്തില്‍ ആണ് പുതിയ ആനുകൂല്യം. രാജ്യത്ത് ഇതുവരെ 262 പേരിലാണു രോഗം സ്ഥിരീകരിച്ചത്.
Leave a Comment