ഞങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത്…ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല…സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് പറയുന്നത്…ഇറ്റലിയില്‍ കുടുങ്ങിയ മലയാളികള്‍

സുഹൃത്തുക്കളെ, ഞങ്ങള്‍ ഇറ്റലിയില്‍ നിന്നാണ്. വിമാനടിക്കറ്റ് എടുത്തിട്ട് ഞങ്ങള്‍ക്കു കേരളത്തിലേക്ക് കയറാന്‍ പറ്റുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്നാണ് ഇറ്റലിയിലെ സര്‍ക്കാര്‍ പറയുന്നത്. ഞങ്ങള്‍ പിന്നീട് എവിടേയ്ക്കാണ് പോകേണ്ടത്. പ്രവാസികളായ ഞങ്ങള്‍ എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിങ്ങള്‍ ഉത്തരം പറയൂ… ‘– എമിറൈറ്റ്‌സിന്റെ ഇകെ 098 വിമാനത്തില്‍ റോമില്‍ നിന്ന് ദുബായിലേക്കും കണക്ഷന്‍ ഫ്‌ലൈറ്റായ ഇകെ 530ല്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും യാത്ര തിരിക്കാനെത്തിയവരാണ് കൊറോണ ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ഇന്ത്യയിലേക്ക് തിരിക്കാനാവില്ലെന്ന വിമാനക്കമ്പനി അധികൃതരുടെ നിലപാടില്‍ കുടുങ്ങി വിമാനത്താവളത്തില്‍ ഒറ്റപ്പെട്ടത്.

ചൊവ്വാഴ്ച ഇറ്റലി സമയം ഉച്ചതിരിഞ്ഞ് 3.10നുളള ഫ്‌ലൈറ്റില്‍ (ഇന്ത്യന്‍ സമയം വൈകിട്ട് 7.40ന്) തിരിക്കാനെത്തിയ നാല്‍പതോളം മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ചെക്ക് ഇന്നിനായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ് ഈ വിവരം ലഭിച്ചതെന്ന് ഇവര്‍ പറയുന്നു.

കൊച്ചുകുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു. ഇന്ത്യന്‍ സര്‍ക്കാരാണ് യാത്രയ്ക്ക് തടസ്സം നില്‍ക്കുന്നതെന്നാണ് വിമാനക്കമ്പനി പറയുന്നതെന്നും ഇവര്‍ വിശദീകരിച്ചു. മടങ്ങിയെത്തിയാല്‍ പതിനാലോ അതില്‍കൂടുതലോ ദിവസം പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനോ സ്വയം ക്വാറന്റൈനോ ആര്‍ക്കും വിരോധമില്ല. ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. ‘പ്രളയം വരുമ്പോള്‍ മാത്രമാണോ ഞങ്ങള്‍ പ്രവാസികളെ കേരള സര്‍ക്കാരിന് ആവശ്യം?’– രോഷാകുലരായി യാത്രക്കാര്‍ പറയുന്നതും വിഡിയോയില്‍ വ്യക്തം.

അതേസമയം, ചൊവ്വാഴ്ച മുതല്‍ ഇറ്റലിയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ കോവിഡ്–19 ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച തന്നെ അറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇറ്റലിയിലേയും ദക്ഷിണ കൊറിയയിലേയും അംഗീകൃത ലാബുകളില്‍ നിന്ന് ഇത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നതെന്നും അവര്‍ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ തിങ്കളാഴ്ച ട്വീറ്റും ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവരെ ഇക്കാര്യം വിമാനക്കമ്പനി അറിയിച്ചിരുന്നില്ലെന്നാണ് യാത്രക്കാര്‍ നല്‍കുന്ന വിവരം

pathram:
Related Post
Leave a Comment