കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പ് മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ മാര്‍ച്ച് 29ന് തന്നെ ഐപിഎല്‍ പുതിയ സീസണിന് തുടക്കമാകുമെന്ന് ഗാംഗുലി വ്യക്തമാക്കി. ടൂര്‍ണമെന്റ് ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ ബിസിസിഐ സാധ്യമായതെല്ലാം ചെയ്യുമെന്നും ഗാംഗുലി വ്യക്തമാക്കി.
അതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ 31 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് രോഗബാധ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്ന മുന്‍കരുതലുകള്‍ ടൂര്‍ണമെന്റിനു മുന്നോടിയായി സ്വീകരിക്കുമെന്നും ബിസിസിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശം ഐപിഎല്ലുമായി സഹകരിക്കുന്ന താരങ്ങള്‍, ഫ്രാഞ്ചൈസികള്‍, എയര്‍ലൈനുകള്‍, ടീം ഹോട്ടലുകള്‍, ബ്രോഡ്കാസ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പങ്കുവയ്ക്കും.
ഐപിഎല്ലില്‍ താരങ്ങളും ആരാധകരുമായുള്ള സമ്പര്‍ക്കവും നിയന്ത്രിക്കും. ആരാധകര്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തും. ആരാധകരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി സെല്‍ഫിയും ചിത്രങ്ങളും പകര്‍ത്തുന്നതും തടയും. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലോക വ്യാപകമായി കായിക മേളകള്‍ മാറ്റിവയ്ക്കുന്നത് തുടരുന്നതിനിടെയാണ് ഐപിഎല്ലുമായി മുന്നോട്ടു തന്നെയാണെന്ന ഗാംഗുലിയുടെ പ്രഖ്യാപനം. ഈ വര്‍ഷം നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സും മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ന്യൂഡല്‍ഹിയില്‍ നടക്കേണ്ട ഷൂട്ടിങ് ലോകകപ്പും മാറ്റിവച്ചിട്ടുണ്ട്
Leave a Comment