55 പന്തില്‍ 20 കൂറ്റന്‍ സിക്‌സറുകളും ആറു ഫോറും 158 റണ്‍സുമായി ഹാര്‍ദിക് പാണ്ഡ്യ

മുംബൈയില്‍ നടക്കുന്ന ഡി.വൈ. പാട്ടീല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിലും ഹാര്‍ദിക് പാണ്ഡ്യ തകര്‍ത്തടിച്ചതോടെ, അദ്ദേഹത്തിന്റെ ടീമായ റിലയന്‍സ് വണ്‍ കൂറ്റന്‍ ജയത്തോടെ ഫൈനലില്‍ കടന്നു. ഡോ. ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സെമി പോരാട്ടത്തില്‍ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങിയ ബിപിസിഎല്ലിനെ 104 റണ്‍സിനാണ് റിലയന്‍സ് വണ്‍ തകര്‍ത്തത്.

പുറത്താകാതെ 158 റണ്‍സെടുത്ത പാണ്ഡ്യയുടെ അസാമാന്യ ബാറ്റിങ്ങാണ് മത്സരത്തില്‍ റിയലന്‍സ് വണ്ണിന് കൂറ്റന്‍ ജയം സമ്മാനിച്ചത്. 20 പടുകൂറ്റന്‍ സിക്‌സറുകളും ആറു ഫോറും ഉള്‍പ്പെടുന്നതാണ് പാണ്ഡ്യയുടെ ഇന്നിങ്‌സ്. ബിപിസിഎല്ലിനെതിരെ ആദ്യം ബാറ്റു ചെയ്ത റിലയന്‍സ് വണ്‍ പാണ്ഡ്യയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 238 റണ്‍സ്. ബിപിസിഎല്ലിന്റെ മറുപടി 18.4 ഓവറില്‍ 134 റണ്‍സില്‍ അവസാനിച്ചു. റിലയന്‍സ് വണ്ണിന്റെ വിജയം 104 റണ്‍സിന്. ടൂര്‍ണമെന്റില്‍ പാണ്ഡ്യയുടെ രണ്ടാം സെഞ്ചുറിയാണിത്. കഴിഞ്ഞ ദിവസം സിഎജിക്കെതിരെ 37 പന്തില്‍നിന്ന് സെഞ്ചുറി നേടി പാണ്ഡ്യ ഞെട്ടിച്ചിരുന്നു. മത്സരത്തിലാകെ 39 പന്തുകള്‍ നേരിട്ട പാണ്ഡ്യ എട്ടു ഫോറും 10 പടുകൂറ്റന്‍ സിക്‌സും സഹിതം 105 റണ്‍സെടുത്തിരുന്നു.


ഓപ്പണര്‍മാരായ അന്‍മോല്‍പ്രീത് സിങ്, ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു തിളങ്ങാനാകാതെ പോയതോടെ റിലയന്‍സ് വണ്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 10 റണ്‍സെന്ന നിലയില്‍ തകരുമ്പോഴാണ് നാലാമനായി പാണ്ഡ്യ ക്രീസിലെത്തുന്നത്. ഇതിനു മുന്‍പു നടന്ന മത്സരത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ധവാനും അന്‍മോല്‍പ്രീതിനും സെമിയില്‍ തിളങ്ങാനായില്ലെങ്കിലും ആ കുറവ് പാണ്ഡ്യ നികത്തി. ധവാന്‍ ഇക്കുറി മൂന്നു റണ്‍സെടുത്ത് പുറത്തായി.

തുടക്കം മുതലേ തകര്‍ത്തടിച്ച പാണ്ഡ്യ വെറും 21 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി കടന്നു. 39 പന്തില്‍ 14 പടുകൂറ്റന്‍ സിക്‌സും രണ്ടു ഫോറും സഹിതം സെഞ്ചുറി പിന്നിട്ട പാണ്ഡ്യ, 55 പന്തില്‍ പുറത്താകാതെ 158 റണ്‍സെടുത്താണ് പോരാട്ടം അവസാനിപ്പിച്ചത്. ഇതിനിടെ നേടിയത് 20 സിക്‌സും ആറു ഫോറും! ഭുവനേശ്വര്‍ കുമാര്‍, ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങളും പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റില്‍ സെമി വരെ കളിച്ച നാലു കളികളില്‍ പാണ്ഡ്യയുടെ പ്രകടനം ഇങ്ങനെ: 46(29), 105(39), 38(25), 158*(55)

pathram:
Related Post
Leave a Comment