ജമ്മുവിലെ രാംനഗറിൽ പതിനൊന്ന് കുട്ടികളുടെ മരണത്തിനു കാരണം കഫ് സിറപ്പ് കുടിച്ചതിനെ തുടർന്നെന്ന് റിപ്പോർട്ട്. ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള കമ്പനി നിർമിക്കുന്ന കഫ് സിറപ്പിന്റെ 3,400 ലേറെ കുപ്പികൾ 2019 സെപ്റ്റംബർ മുതൽ 2020 ജനുവരി വരെ വിറ്റഴിഞ്ഞതായും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സിറപ്പിൽ വിഷ വസ്തുക്കൾ അടങ്ങിയത് കണ്ടെത്തിയതിനെ തുടർന്ന് 8 സംസ്ഥാനങ്ങൾ വിൽപന നിർത്തിവച്ചു. ഡിജിറ്റൽ വിഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന കോൾഡ് ബെസ്റ്റ് പിസി എന്ന ചുമയുടെ സിറപ്പ് കുടിച്ച കുട്ടികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വൃക്ക രോഗത്തെ തുടർന്ന് കുട്ടികൾ മരിക്കുകയുമായിരുന്നു. പരിശോധനയ്ക്കയച്ച സിറപ്പിന്റെ സാംപിളുകളിൽ വിഷാംശമായ ഡൈഥിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
എന്നാൽ, സിറപ്പ് കുടിച്ചതിനെ തുടർന്നാണ് കുട്ടികൾ മരിച്ചതെന്ന ആരോപണം കമ്പനി നിഷേധിച്ചിരുന്നു. കഫ് സിറപ്പിന്റെ ഒരു കുപ്പിയിൽ 60 മില്ലി ലിറ്റർ മരുന്നാണ് ഉള്ളത്.
ഒരു തവണത്തെ ഡോസിൽ 5-6 മില്ലി മരുന്ന് ഉള്ളിൽ ചെല്ലുന്ന പക്ഷം 10-12 ഡോസാകുമ്പോൾ രോഗി മരിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ഹിമാചൽപ്രദേശ് ഡ്രഗ് കൺട്രോളർ നവ്നീത് മാർവ അറിയിച്ചതായി ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, വിറ്റ മരുന്നുകളുടെ 1,500 കുപ്പികൾ മാർക്കറ്റിൽ നിന്ന് ലഭിച്ചതായും നവ്നീത് മാർവ അറിയിച്ചു.
Leave a Comment