ന്യൂസീലന്‍ഡ് ടെസ്സ് ,ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട നിലയില്‍..

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 183 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് . രണ്ടാം ഇന്നിങ്‌സില്‍ ആരംഭിച്ച ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടെസ്റ്റിലെ നാലാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. 75 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് മായങ്കിന്റെ അര്‍ധസെഞ്ചുറി. മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോള്‍ 32 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. അഗര്‍വാള്‍ 52 റണ്‍സോടെ ക്രീസിലുണ്ട്. രണ്ടാം വിക്കറ്റില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം അഗര്‍വാള്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം സെഷന്റെ അവസാന പന്തില്‍ ചേതേശ്വര്‍ പൂജാര പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 81 പന്തു നേരിട്ട പൂജാര 11 റണ്‍സുമായി ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പൂജാര ലീവ് ചെയ്ത പന്താണ് ഓഫ് സ്റ്റംപിളക്കിയത്. ഓപ്പണര്‍ പൃഥ്വി ഷായാണ് രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ മറ്റൊരു ഇന്ത്യന്‍ താരം. 30 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 14 റണ്‍സെടുത്ത ഷായെയും ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. ടോം ലാഥം ക്യാച്ചെടുത്തു. ഒന്‍പതു വിക്കറ്റ് ശേഷിക്കെ കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 105 റണ്‍സ് പിന്നിലാണ് ഇന്ത്യ.

നേരത്തെ, അഞ്ചിന് 216 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്‌സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്‌സില്‍ 100.2 ഓവറിലാണ് കിവീസ് 348 റണ്‍സെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (74 പന്തില്‍ 43), കൈല്‍ ജയ്മിസന്‍ (45 പന്തില്‍ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തില്‍ 38) എന്നിവരാണ് വാലറ്റത്ത് കിവീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് കനമുള്ള സംഭാവനകള്‍ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തി.

തലേന്നത്തെ അതേ സ്‌കോറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജെ.ബി. വാട്!ലിങ്ങിനെ നഷ്ടമാകുന്ന കാഴ്ചയോടെയാണ് ന്യൂസീലന്‍!ഡ് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. 30 പന്തില്‍ 14 റണ്‍സെടുത്ത വാട്!ലിങ്ങിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. ഒന്‍പതു റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും ടിം സൗത്തിയെ ഇഷാന്ത് ശര്‍മ പുറത്താക്കിയതോടെ കിവീസിനെ 250നുള്ളില്‍ ഒതുക്കാമെന്ന് ഇന്ത്യ മോഹിച്ചു. 13 പന്തില്‍ ഒരേയൊരു ഫോര്‍ സഹിതം ആറു റണ്‍സെടുത്താണ് സൗത്തി മടങ്ങിയത്.

എന്നാല്‍, കിവീസ് ഇന്നിങ്‌സിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടിനാണ് എട്ടാം വിക്കറ്റില്‍ അരങ്ങൊരുങ്ങിയത്. കൈല്‍ ജയ്മിസനെ കൂട്ടുപിടിച്ച് 71 റണ്‍സാണ് ഗ്രാന്‍ഡ്‌ഹോം എട്ടാം വിക്കറ്റില്‍ ചേര്‍ത്തത്. 45 പന്തില്‍ ഒരു ഫോറും നാലു സിക്‌സും സഹിതം 44 റണ്‍സെടുത്താണ് ജാമിസന്‍ മടങ്ങിയത്. അശ്വിന്റെ പന്തില്‍ വിഹാരി ക്യാച്ചെടുത്തു. സ്‌കോര്‍ 310ല്‍ എത്തിയപ്പോള്‍ ഗ്രാന്‍ഡ്‌ഹോമും മടങ്ങി. 74 പന്തില്‍ അഞ്ചു ഫോറുകള്‍ സഹിതം 43 റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെയും അശ്വിന്‍ തന്നെ പുറത്താക്കി.

എന്നാല്‍, വിട്ടുകൊടുക്കാതെ പൊരുതിയ കിവീസ് 10–ാം വിക്കറ്റില്‍ 38 റണ്‍സ് കൂടി ചേര്‍ത്തു. 24 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത ട്രെന്റ് ബോള്‍ട്ടിന്റെ കടന്നാക്രമണമാണ് കിവീസ് സ്‌കോര്‍ 348ല്‍ എത്തിച്ചത്. അജാസ് പട്ടേല്‍ 20 പന്തില്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ 22.2 ഓവറില്‍ 68 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു. അശ്വിന്‍ മൂന്നും ബുമ്ര, ഷമി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രകടനമാണ് രണ്ടാം ദിനം ന്യൂസീലന്‍ഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസന്‍ 153 പന്തില്‍ 11 ഫോറുകള്‍ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. 93 പന്തില്‍ ആറു ഫോറുകളുടെ അകമ്പടിയോടെയാണ് വില്യംസന്‍ ടെസ്റ്റിലെ 32–ാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്!ലറിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (93) തീര്‍ത്താണ് വില്യംസന്‍ ന്യൂസീലന്‍ഡിനെ ശക്തമായ നിലയിലെത്തിച്ചത്. ഓപ്പണര്‍മാരായ ടോം ലാഥം 30 പന്തില്‍ 11), ടോം ബ്ലണ്ടല്‍ 80 പന്തില്‍ 30), റോസ് ടെയ്!ലര്‍ (71 പന്തില്‍ 44), ഹെന്റി നിക്കോള്‍സ് (62 പന്തില്‍ 17) എന്നിവരാണ് കിവീസ് നിരയില്‍ പുറത്തായ മറ്റുള്ളവര്‍.

pathram desk 2:
Related Post
Leave a Comment