അച്ഛന്റെ വഴിയേ മകനും…രണ്ടു മാസത്തിനിടെ രണ്ടാം ഇരട്ടസെഞ്ചുറി

അച്ഛന്റെ വഴിയേ മകനും… ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍മതില്‍ ആയിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് പുതിയ താരോദയം. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ദ്രാവിഡിന്റെ മകന്‍, രണ്ടു മാസത്തിനിടെ നേടിയത് രണ്ട് ഇരട്ടസെഞ്ചുറി. ക്രിക്കറ്റ് ലോകത്തേയ്ക്ക് മികച്ച കാല്‍വയ്പ്പാണ് സമിത് കുറിച്ചിരിക്കുന്നത്. പതിനാലുകാരനായ സമിത്, സ്‌കൂള്‍ തല മത്സരത്തിലാണ് രണ്ടു മാസത്തെ ഇടവേളയില്‍ രണ്ടാം ഇരട്ടസെഞ്ചുറി കുറിച്ചത്. ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 ടൂര്‍ണമെന്റില്‍ മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂളിനായാണ് സമിതിന്റെ ഇരട്ടസെഞ്ചുറി നേട്ടം. ദ്രാവിഡ് ക്ഷമയുടെ േനര്‍രൂപമായിരുന്നെങ്കില്‍ ആക്രമണ ശൈലിയിലാണ് മകന്റെ ഇരട്ടസെഞ്ചുറി. 144 പന്തുകള്‍ നേരിട്ട സമിത്, 26 ഫോറുകളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 211 റണ്‍സുമായി പുറത്താകാതെ നിന്നു.
സമിതിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ബിജിഎസ് നാഷനല്‍ പബ്ലിക് സ്‌കൂളിന് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 254 റണ്‍സ് മാത്രം. മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ വിജയം 132 റണ്‍സിന്. തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിക്കു പുറമെ ഇരട്ടവിക്കറ്റുകള്‍ നേടി ഓള്‍റൗണ്ട് പ്രകടനമാണ് സമിത് പുറത്തെടുത്തത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് സമിത് ആദ്യം ഇരട്ടസെഞ്ചുറിയുമായി വിസ്മയിപ്പിച്ചത്. കര്‍ണാടകയിലെ മേഖലാ ടൂര്‍ണമെന്റില്‍ ധര്‍വാഡിനെതിരെ വൈസ് പ്രസിഡന്റ്‌സ് ഇലവനുവേണ്ടി 256 പന്തുകളില്‍ 201 റണ്‍സാണ് സമിത് നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി നേടിയ സമിത് രണ്ടാം ഇന്നിങ്‌സില്‍ 94 റണ്‍സുമായി പുറത്താകാതെനിന്നു. പന്തുകൊണ്ടും വിസ്മയം കാട്ടിയ കുട്ടിത്താരം 3 വിക്കറ്റുമെടുത്തു. ഈ മത്സരം സമനിലയിലായി. ഇതിനു പിന്നാലെയാണ് റണ്‍സിനോടുള്ള പ്രണയത്തില്‍ പിതാവിന് ഒട്ടും പിന്നിലല്ല താനെന്ന പ്രഖ്യാപനവുമായി സമിതിന്റെ രണ്ടാം ഇരട്ടസെഞ്ചുറി.

2018 ജനുവരിയിലും സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുംസെഞ്ചുറിയുമായി സമിത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അന്ന് സമിതിനു പുറമെ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ജോഷിയുടെ മകന്‍ ആര്യനും സെഞ്ചുറിയുമായി വരവറിയിച്ചിരുന്നു. അന്ന് സമിത് ദ്രാവിഡിന്റെയും (150), ആര്യന്‍ ജോഷിയുടെയും (154) സൂപ്പര്‍ സെഞ്ചുറികളുടെ കരുത്തില്‍ മല്യ അദിതി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ 50 ഓവറില്‍ നേടിയത് അഞ്ഞൂറു റണ്‍സ്! മറുപടി ബാറ്റിങ്ങിനിറങ്ങിയ വിവേകാനന്ദ സ്‌കൂള്‍ 88 റണ്‍സിനു പുറത്തായതോടെ മല്യ അദിതി സ്‌കൂള്‍ 412 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടര്‍ 14 ടൂര്‍ണമെന്റിലായിരുന്നു താരങ്ങളുടെ മക്കളുടെ സൂപ്പര്‍ പ്രകടനം.

സ്‌കൂള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന ദ്രാവിഡിന്റെ മകന്‍ സമിത് 2015ല്‍ അണ്ടര്‍ 12 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച ബാറ്റ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2917ല്‍ ബെംഗളൂരു യുണൈറ്റഡ് ക്ലബ്ബിനായി കളിച്ച സമിത് അവിടെയും സെഞ്ചുറി നേടി. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ രാഹുല്‍ ദ്രാവിഡിന്റെ മൂത്ത മകനാണു സമിത്. രണ്ടാമന്‍ അന്‍വയ്. മുന്‍പ് ഐപിഎല്ലില്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സില്‍ സമിത്തും അന്‍വയും സജീവ സാന്നിധ്യമായിരുന്നു.

pathram:
Leave a Comment