കുതിരാൻ തുരങ്കത്തിലൂടെ കുതിക്കാൻ ഇനി 50 ദിവസം

വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പുനരാരംഭിച്ചതോടെ കുതിരാൻ തുരങ്കത്തിനുള്ളിലെ ജോലികളും ഉടൻ പുനരാരംഭിക്കുമെന്നു പ്രതീക്ഷ. 90 ശതമാനം ജോലികളും പൂർത്തിയാക്കിയ ആദ്യ തുരങ്കം 50 ദിവസത്തിനുള്ളിൽ തുറന്നുകൊടുക്കാനാണ് ഉന്നതതല തീരുമാനം. തെക്കുഭാഗത്തെ തുരങ്കം തുറന്നുകൊടുത്താൽ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള റോഡിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയതിനുശേഷമേ രണ്ടാമത്തെ തുരങ്കത്തിന്റെ ജോലികൾ ആരംഭിക്കാനാവൂ.

ഇതുവരെ തുരങ്കനിർമാണം നടത്തിയിരുന്ന പ്രഗതി എൻജിനീയറിങ്ങിനെ മാറ്റി വൈഷ്ണവ് ഇൻഫ്രാ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാർ കൊടുക്കുന്നതിനാണു ധാരണ. എന്നാൽ ഇതുവരെ വ്യക്തമായ ധാരണാപത്രം ഒപ്പു വച്ചിട്ടില്ല. നേരത്തെ തുരങ്കനിർമാണം നടത്തിയിരുന്ന കമ്പനിയെ കഴിഞ്ഞ സെപ്റ്റംബറിൽ ഒഴിവാക്കിയിരുന്നു.

അടുത്തമാസം അവസാനത്തോടെ തുരങ്കം തുറന്നുകൊടുക്കണമെങ്കിൽ നിർമാണ ജോലികൾ ഉടൻ ആരംഭിക്കണം. പൊടിശല്യം കുറയ്ക്കാനുള്ള ജോലികളും അഗ്നിസുരക്ഷ ഉറപ്പാക്കലും കൺട്രോൾ സ്റ്റേഷൻ നിർമാണവും പൂർത്തിയാക്കാനുണ്ട്. കുതിരാനിലെ പടിഞ്ഞാറെ തുരങ്കമുഖത്തു നിന്നു ദേശീയപാതയിലേക്കു കടന്നുപോകുന്ന റോഡിന്റെ വശത്തെ പാറക്കെട്ടുകൾ പൊളിച്ചു നീക്കേണ്ടതുണ്ട്. എന്നാൽ എല്ലാ ജോലികൾക്കുമായി ഒരു മാസത്തെ സമയം മതിയാവും.

തൃശൂർ, പാലക്കാട് ജില്ലാ അതിർത്തിയോടു ചേർന്നുള്ള കുതിരാൻ മലയിലൂടെയുള്ള പാതയ്ക്കു ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തോളം പഴക്കമുണ്ട്. പഴയ റോഡ് ദേശീയപാതയായി വികസിപ്പിച്ചപ്പോഴും അപകടങ്ങളും ഗതാഗതക്കുരുക്കും തുടർക്കഥയായിരുന്നു.പീച്ചി വന്യ ജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലെ പാത വാഹനങ്ങളുടെ ക്രമാതീതമായ എണ്ണംകൊണ്ടു സജീവമായപ്പോഴാണു വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സമില്ലാതെ കുതിരാൻ മല തുരന്നുള്ള ഗതാഗതത്തിനു തുരങ്കനിർമാണം എന്ന ആശയമുടലെടുത്തത്. എന്നാൽ, 2014 ൽ ആരംഭിച്ച തുരങ്കനിർമാണം 6 വർഷമായിട്ടും പൂർത്തിയായിട്ടില്ല. 10 മീറ്റർ ഉയരവും 14 മീറ്റർ വീതിയുമുള്ള 3 വരി വീതമുള്ള ഇരട്ടക്കുഴൽ തുരങ്കപാതകളാണു കുതിരാനിൽ നിർമിക്കുന്നത്.

pathram desk 2:
Leave a Comment